ആലുവ: പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനകത്ത് പേഴ്സിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി. അതേസമയം പേഴ്സിലുണ്ടായിരുന്ന എ.ടി.എംകാർഡ്, പാൻകാർഡ്, വിലകൂടിയ മൊബൈൽ ഫോൺ എന്നിവ നഷ്ടമായില്ല.
ആലുവ എടയപ്പുറം ചവർകാട് സ്വദേശി അൻസാറിന്റെ പണമാണ് നഷ്ടമായത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ അൻസാർ മക്കളുമായി പെരിയാറിൽ നീന്തൽ പരിശീലനത്തിന് എത്തിയിരുന്നു. കൊട്ടരക്കടവിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം നടപ്പാലം വഴിയാണ് മണപ്പുറത്തേക്ക് പോയത്. സ്കൂട്ടർ പാർക്ക് ചെയ്തപ്പോഴാണ് കൈവശമുണ്ടായിരുന്ന പേഴ്സും ഫോണും സീറ്റിനടിയിലെ ബോക്സിൽ സൂക്ഷിച്ചത്. പെരിയാറിലെ നീന്തൽ പരിശീലനത്തിനിടെ പേഴ്സും ഫോണും കരയിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന ചിന്തയെ തുടർന്നാണ് ഇവ സ്കൂട്ടറിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചത്. ഇതാണ് അൻസാറിന് വിനയായത്. 9.30ഓടെ മടങ്ങിയെത്തിയപ്പോഴാണ് പണം നഷ്ടമായതറിഞ്ഞത്.
സീറ്റിന് യാതൊരു തകരാറും വരുത്താതെയാണ് മോഷണം നടത്തിയത്. ഇത്തരം കവർച്ച ഇവിടെ വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞയാഴ്ച്ച മറ്റൊരാളുടെ 7,000 രൂപ നഷ്ടമായിരുന്നു. അൻസാർ ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തെ ഫ്ളാറ്റിൽ നിന്നും സി.സി ടി.വി ദൃശ്യം ശേഖരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തന രഹിതമായതിനാൽ നടന്നില്ല. നഗരത്തിലെ സ്ഥിരം മോഷ്ടാക്കളെ പൊലീസ് തിരയുന്നുണ്ട്.