mashi

കോലഞ്ചേരി: വോട്ടു ചെയ്തതായി തിരിച്ചറിയാൻ മഷിയടയാളം കൈയിൽ വീഴും മുമ്പ് ഏതെങ്കിലും വോട്ടർ

അറിയുന്നുണ്ടോ നിർബന്ധമായും പാലിക്കേണ്ട ഒരു പ്രതിജ്ഞാ വാചകം മഷിക്കവറിനു മുകളിലുണ്ടെന്ന്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം മഷി നിർമ്മിച്ചു നല്കുന്ന മൈസൂർ പെയിന്റ്‌സ് ആൻഡ് വാർണീഷിംഗ് കമ്പനിയാണ് പ്രതിജ്ഞാ വാചകം കവറിനു മുകളിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. ' ടു കാസ്​റ്റ് വോട്ട്, ഐ ഷാൽ നോട്ട് ബീ ബ്രൈബ്ഡ് ഓർ കറപ്റ്റ്ഡ് ഇൻ എനി മാനർ, ദെ ആർ ഡെയ്ഞ്ചറസ് ടു ഔർ നേഷൻ" എന്ന് ഇംഗ്ലീഷിലാണ് പ്രതിജ്ഞാ വാചകം പ്രിന്റ് ചെയ്തിരിക്കുന്നത്. വോട്ടു ചെയ്യാൻ ഒരു തരത്തിലുള്ള അഴിമതിക്കും താൻ വഴിപ്പെടില്ലെന്നും അത് രാജ്യത്തിന് അപകടകരമെന്നുമാണ് സാരം. വോട്ടർമാർ കവർ കാണാത്തതു കൊണ്ട് പ്രതിജ്ഞയും കാണാറില്ല. എന്നിരുന്നാലും വോട്ടിന് വേണ്ടി ഒരു സ്വാധീനമില്ലാതെയാണ് വോട്ടു ചെയ്തതെന്ന് ഓരോ പൗരനും ഈ പ്രതിജ്ഞയിലൂടെ അറിഞ്ഞോ അറിയാതയോ വെളിപ്പെടുത്തുകയാണ്. മഷിയോടൊപ്പം പോളിംഗ് ബൂത്തിലേക്കുള്ള കിറ്റിൽ മൊട്ടുസൂചി മുതൽ നൂറോളം പോളിംഗ് സാധന സാമഗ്രികൾ ഉണ്ട്. മെഴുകുതിരി, ആണി, നൂൽ, അരക്ക്, റബർ ബാൻഡ്, തീപ്പെട്ടി, സ്​റ്റാംപ് പാഡ്, മാർക്കർ, കോട്ടൺ, പേന, പെൻസിൽ, ബ്‌ളേഡ്, കവർ, പോളിംഗ് കമ്പാർട്‌മെന്റ് ഒരുക്കാനുള്ള ബോർഡുൾപ്പടെയാണ് കിറ്റ്.