കൊച്ചി:പോളിംഗ് ബൂത്തിലേക്ക് ജനസാഗരം ഇന്നു ഒഴുകിയെത്തും. മഹാഭൂരിപക്ഷം മനസിൽ ഉറപ്പിച്ചിട്ടുണ്ട്. ഇനി പോളിംഗ് ബട്ടൻ അമർത്തുകയേ വേണ്ടൂ. ചിലരുടെ മനസിപ്പോഴും ചാഞ്ചാട്ടത്തിലാണ്. ഈ ചാഞ്ചാട്ടക്കാരുടെ മനസിലിരിപ്പ് തീരുമാനിക്കും ആരെ വിജയത്തേരിലേറ്റണമെന്ന്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലടക്കം ഇത്തരക്കാരെ തങ്ങളോട് അടുപ്പിക്കാനുള്ള പൊരിഞ്ഞ യുദ്ധമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്നത്. വാർ റൂമുകളിൽ നിന്ന് ഇന്നലെ മുതൽ തുരുതുരാ പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ പതിക്കുന്നത്. നിശബ്ദ പ്രചാരണ ദിനമായ ഇന്നലെ ഇന്നത്തെ യുദ്ധ തന്ത്രം മെനയുന്ന തിരക്കിലായിരുന്നു വാർ റൂമുകൾ.
ക്യാപ്റ്റൻ ക്യാപ്സൂൾസ്
അടവൊന്ന് മാറ്റി. ഒരു ചുവടൊന്ന് മുന്നോട്ടു വച്ചു. സോഷ്യൽ മീഡിയയിൽ കരുതലോടെയാണ് എൽ.ഡി.എഫ് വാർ റൂമുകളിലൂടെയുള്ള വോട്ടുപിടിത്തം. സർക്കാരിന്റെ ജനകീയ പദ്ധതികളിലാണ് ഊന്നൽ നൽകിയിരുന്നതെങ്കിൽ ഇപ്പോൾ പ്രതിപക്ഷ ആരോപണങ്ങൾക്ക് തക്കതായ മറുപടിയും തെളിവുകളും നിരത്തിയാണ് പ്രചാരണം. സി.പി.എം. സി.പി.ഐ തുടങ്ങി മുന്നണിയിലെ പാർട്ടികളുടെ ഒഫീഷ്യൽ പേജുകളും പോരാളി ഷാജി, സൈബർ കമ്മ്യൂൺ,ലെഫ്സ്റ്റ് സൈബർ വിംഗ്, ദി ലെഫ്റ്റ് സർക്കിൾ തുടങ്ങിയ നിരവധി ഫേസ്ബുക്ക് പേജുകളുമാണ് എൽ.ഡി.എഫിനായി സജീവമായി രംഗത്തുള്ളത്. പിണറായി വിജയന്റെ പത്രസമ്മേളനങ്ങളിലെയും പൊതുസമ്മേളനങ്ങളിലേയും വീഡിയോ കട്ടിംഗുകളും മാസ് ഡൈലോഗുകളും പ്രചരിപ്പിക്കുന്നുണ്ട്. സ്ഥാനാർത്ഥികളുടെ ജനകീയത ഉറപ്പാക്കാനുള്ള തീവ്രശ്രമവും നടക്കുന്നുണ്ട്.
അടി-തിരിച്ചടി
അടിക്ക് തിരിച്ചടിയെന്ന ലൈനിലാണ് സോഷ്യൽ മീഡിയയിൽ യു.ഡി.എഫിന്റെ ലാസ്റ്റ് റൗണ്ട് പ്രചാരണം. സർക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയ സ്വർണക്കടത്ത് മുതൽ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങൽ വരെ പ്രതിപക്ഷ നേതാവ് ഉയർത്തിവിട്ട ആരോപണങ്ങൾ ഏറ്റെടുത്താണ് വാർറൂമിൽ നിന്നുള്ള നിറയൊഴിക്കൽ. ചെറു കുറിപ്പുകളും പോസ്റ്ററുകളും ട്രോളുകളെല്ലാം സജ്ജീവം.മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ ഹൈലൈറ്റ് ചെയ്തുള്ള പ്രചാരണമാണ് അവസാന മണിക്കൂറുകളിൽ നടക്കുന്നത്. കോൺഗ്രസ് വീഥി,കോൺഗ്രസ് പോരാളി, യു.ഡി.എഫ് സോഷ്യൽമീഡിയ, കോൺഗ്രസ് സൈബർ ആർമി, ലീഗ് ആർമി തുടങ്ങിയ പേജുകളാണ് യു.ഡി.എഫിനായി പോർമുഖത്തുള്ളത്.മുഖ്യമന്ത്രിയെ കടന്നാക്രമിച്ചുള്ള പ്രചാരണമാണ് അധികവും.
സർവം മോദി മയം
മോദി മുതൽ മോദി വരെ. എൻ.ഡി.എ പ്രചാരണം മോദിയെയും കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതികളും ഉയർത്തിയാണ്. ഇടത് വലത് മുന്നികളെ കണക്കിന് വിമർശിച്ചും അഴിമതി തുറന്നുകാട്ടിയും അവസാന മണിക്കൂറിൽ ജനമനസ് തങ്ങൾക്ക് അനുകൂലമാക്കുകയാണ് ലക്ഷ്യം. ശബരിമല വിഷയത്തിലൂന്നിയുള്ള പോസ്റ്റുകളും കുറിപ്പുകളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഇത്തരം പോസ്റ്റുകളും എഴുത്തുകളും ജനങ്ങളിൽ എത്തിക്കാനും എൻ.ഡി.എ വാർ റൂമുകൾ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. കേന്ദ്ര നേതാക്കളുടെ പേജുകൾ വഴിയും പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴിയുമാണ് പ്രചാരണം.
വോട്ടുറപ്പിക്കൽ ട്രിക്ക്സ്
1. ലൈവുകൾ
2.പ്രൊഫൈൽ ഫ്രെയിം
3.വാട്സ്ആപ്പ് സ്റ്റിക്കർ
4.ഷോർട്ട് വീഡിയോ
5.പോസ്റ്ററുകൾ
6.സ്റ്റാർ കാമ്പയിനിംഗ്