vote-

കൊച്ചി: ജനഹിതം രേഖപ്പെടുത്താൻ എറണാകുളം ജില്ല സർവസജ്ജം. പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരും ബൂത്തുകളും റെഡി. ഇന്നു രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ വോട്ടിംഗ്. സംഘർഷരഹിത തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ശക്തം. വോട്ടുകൾ ആർക്കു വീഴുമെന്ന ആശങ്കയും ആകാംക്ഷയുമായി സ്ഥാനാർത്ഥികളും മുന്നണികളും നിശബ്ദപ്രചാരണവും പൂർത്തിയാക്കി.

ജില്ലയിലെ 13 കേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂർത്തിയായി. സാമഗ്രികളുമായി ഉദ്യോഗസ്ഥർ വൈകിട്ടോടെ ബൂത്തുകളിലെത്തി. രാത്രി തന്നെ ബൂത്തുകളിൽ വോട്ടിംഗ് യന്ത്രമുൾപ്പെടെ സ്ഥാപിച്ചു. ഒരുക്കങ്ങളെല്ലാം ഭദ്രമാണെന്ന് ഉറപ്പാക്കിയതായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. വോട്ടെ‌ടുപ്പിന് ശേഷം യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുന്നതോടെ ഫലമറിയാൻ ഒരുമാസം നീളുന്ന കാത്തിരിപ്പിന് തുടക്കവുമാകും.

 കൊവിഡിനെതിരെ മുൻകരുതൽ

കൊവിഡ് പ്രതിരോധത്തിനുള്ള മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയവ ഉൾപ്പെടെയാണ് വിതരണം ചെയ്തത്. ബൂത്തുകളിൽ വോട്ടർമാർക്ക് സാനിറ്റൈസർ നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

പോളിംഗ് ബൂത്തുകളിലേയ്ക്കുള്ള സാമഗ്രികൾ പ്രത്യേക കിറ്റുകളാക്കി പോളിംഗ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്തു. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരുമടക്കം നാല് പേരടങ്ങുന്ന സംഘമാണ് ഓരോ ബൂത്തുകളിലും വോട്ടെടുപ്പിന്റെ ചുമതല വഹിക്കുന്നത്. ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ പ്രത്യേക ആപ്ലിക്കേഷൻ വഴി കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ നിരീക്ഷിക്കും. ഇന്നു രാവിലെ 5.30 ന് മോക്ക് പോൾ നടത്തും. ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. കൊവിഡ് ബാധിതർക്ക് വോട്ടു ചെയ്യാൻ വൈകിട്ട് ഏഴിന് അവസരം ഒരുക്കും. ജില്ലയിൽ 3,899 പോളിംഗ് ബൂത്തുകളുണ്ട്.

 പ്രശ്നബൂത്തുകൾ 27

ജില്ലയിൽ 27 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. 13 പ്രദേശങ്ങളിലെ 27 ബൂത്തുകളിൽ സുരക്ഷയ്ക്ക് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെ നീരീക്ഷണത്തിന് ചുമതലപ്പെടുത്തി. ബൂത്തുകളിലെ പോളിംഗ് പ്രക്രിയകളെല്ലാം തത്സമയം വെബ് കാസ്റ്റ് ചെയ്യും. കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ അവ നിരീക്ഷിക്കും. ജില്ലയിലെ 3899 ബൂത്തുകളിൽ 1846 ൽ വെബ് കാസ്റ്റിംഗ് സൗകര്യം ഒരുക്കി.

 ഇരട്ടവോട്ട് തടയാൻ കർശനനടപടി

ഇരട്ടവോട്ട് തടയാൻ ഹൈക്കോടതി നിർദേശപ്രകാരം നടപടി സ്വീകരിച്ചതായി ജില്ലാ വരണാധികാരി എസ്. സുഹാസ് പറഞ്ഞു. രണ്ടിടങ്ങളിൽ വോട്ടുള്ളവരുടെ പട്ടിക പ്രസൈഡിംഗ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ഇവരിടെ ഫോട്ടോകൾ പ്രത്യേക ആപ്പ് ഉപയോഗിച്ചെടുക്കും. സത്യവാങ്മൂലവും എഴുതിവാങ്ങും. വിരലടയാളവും രേഖപ്പെടുത്തും. സ്വതന്ത്രവും നീതിപൂർവകവുമായി വോട്ടെടുപ്പ് ഉറപ്പാക്കുമെന്ന് ജില്ലാ വരണാധികാരി പറഞ്ഞു.