കളമശേരി: അപവാദം പ്രചരിപ്പിച്ച് ജയിക്കാനാവില്ലെന്നും അഴിമതിയുടെ പിന്തുടർച്ചയ്ക്ക് വേണ്ടി മത്സരിക്കുന്ന യു.ഡി.എഫ്, പി.രാജീവിനെപ്പോലെ സംശുദ്ധരാഷ്ടീയ പ്രവർത്തന പാരമ്പര്യമുള്ള നേതാവിനെതിരെ നടത്തുന്ന അധമ രാഷ്ട്രീയക്കളികൾ കളമശേരിയിൽ വിലപ്പോകില്ലെന്നും സി.പി.എം സംസ്ഥാന സമിതി അംഗവും സി.ഐ.ടി.യു അഖിലേന്ത്യാസെക്രട്ടറിയുമായ കെ .ചന്ദ്രൻ പിള്ള പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഇബ്രാഹിം കുഞ്ഞിന്റെ മകൻ എന്ന വിശേഷണം മാത്രമാണുള്ളത്. അഴിമതിക്കാരനായ ഇബ്രാഹിം കുഞ്ഞിനും അദ്ദേഹത്തിന്റെ മകനുമെതിരെ ഉയരുന്ന ജനരോഷത്തിന് മറയിടാനാണ് എതിരാളിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നും ചന്ദ്രൻ പിള്ള പറഞ്ഞു. കളമശേരി മണ്ഡലത്തിലുടനീളം ഇടതു സ്ഥാനാർത്ഥിക്കെതിരെ ഞായറാഴ്ച രാത്രി ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.