കളമശേരി: കളമശേരിയിലെ ഇടതു സ്ഥാനാർത്ഥി പി.രാജീവിനെ അപകീർത്തിപ്പെടുത്തുന്ന നോട്ടീസ് വിതരണത്തിനിടെ കൂനംതൈയിലും, ഏലൂരും രണ്ടു പേരെ പൊലീസ് പിടികൂടി. മാനാത്തുപാടം അന്തുമുക്കിൽ കിഴക്കെ കര കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ശശി, ഗഫൂർ എന്നിവരെയാണ് പത്രത്തിന്റെ വലിപ്പമുള്ള നോട്ടീസ് സഞ്ചിയിലാക്കി വിതരണം ചെയ്യുന്നതിനിടെ ഇടതു പ്രവർത്തകർ തടഞ്ഞ്‌വച്ച് പൊലീസിന് കൈമാറിയത്.

പരാതിയെ തുടർന്ന് അന്തു മുക്കിലെ ഓഫീസ് പൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടു കിട്ടിയില്ല. ആലങ്ങാടു പ്രദേശത്തും വിതരണം ചെയ്ത രണ്ടു പേർക്കെതിരെ ആലങ്ങാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതോടെ യു.ഡി.എഫ് അധാർമ്മിക പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണെന്നും പബ്ലിഷറുടെയോ പ്രിന്റ് ചെയ്ത പ്രസ്സിന്റെയോ പേരില്ലാത്ത വ്യാജ നോട്ടീസുകൾ ഇറക്കുന്നത് കുറ്റകരമാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും എൽ.ഡി.എഫ് നിയോജക മണ്ഡലം സെക്രട്ടറി സി.കെ. പരീത് വാർത്താക്കുറിപ്പിൽ പറഞ്ഞു.