#മൊബൈൽ ഫോൺ, എ.ടി.എം കാർഡ് എന്നിവ സ്‌കൂട്ടറിൽ തന്നെ ഉപേക്ഷിച്ചു

ആലുവ: പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിനകത്ത് പേഴ്‌സിൽ സൂക്ഷിച്ചിരുന്ന 17,000 രൂപ നഷ്ടമായി. പേഴ്‌സിലുണ്ടായിരുന്ന എ.ടി.എംകാർഡ്, പാൻകാർഡ്, വിലകൂടിയ മൊബൈൽ ഫോൺ എന്നിവ നഷ്ടമായില്ല.

എടയപ്പുറം ചവർകാട് സ്വദേശി അൻസാറിന്റെ പണമാണ് നഷ്ടമായത്. ഞായറാഴ്ച്ച രാവിലെ ഏഴ് മണിയോടെ അൻസാർ മക്കളുമായി പെരിയാറിൽ നീന്തൽ പരിശീലനത്തിന് എത്തിയിരുന്നു. കൊട്ടാരക്കടവിൽ സ്‌കൂട്ടർ പാർക്ക് ചെയ്ത ശേഷം നടപ്പാലം വഴിയാണ് മണപ്പുറത്തേക്ക് പോയത്. കൈവശമുണ്ടായിരുന്ന പേഴ്‌സും ഫോണും സ്കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്‌സിൽ സൂക്ഷിച്ചു. 9.30ഓടെ മടങ്ങിയെത്തിയപ്പോഴാണ് പണം നഷ്ടമായതറിഞ്ഞത്.

സീറ്റിന് യാതൊരു തകരാറും വരുത്താതെയാണ് മോഷണം നടത്തിയത്. ഇത്തരം കവർച്ച ഇവിടെ വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞയാഴ്ച്ച മറ്റൊരാളുടെ 7,000 രൂപ നഷ്ടമായിരുന്നു. അൻസാർ ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തെ ഫ്‌ളാറ്റിൽ നിന്ന് സി.സി ടി.വി ദൃശ്യം ശേഖരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കാമറ പ്രവർത്തന രഹിതമായതിനാൽ നടന്നില്ല.