ആലുവ: ആലുവ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ 18 ാം വിവാഹ വാർഷിക ദിനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്നത്തെ ജനങ്ങളുടെ വിധിയെഴുത്ത് തനിക്ക് ഹാട്രിക്ക് വിജയം സമ്മാനിക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് അൻവർ സാദത്ത്.
എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും അതിന് മുമ്പും സാധാരണ വിവാഹ വാർഷിക ദിനത്തിൽ ഭാര്യയുമായി പുറത്തുപോകും. ഭക്ഷണവും പുറത്തുനിന്നാണ്. മക്കളായ സഫ ഫാത്തിമയും സിമി ഫാത്തിമയും പിറന്ന ശേഷവും ഇതിന് മാറ്റമുണ്ടായിട്ടില്ല. എന്നാൽ ഇക്കുറി ആഘോഷം തിരഞ്ഞെടുപ്പിന് ശേഷമുള്ള മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്. 2003 ഏപ്രിൽ ആറിനാണ് പാലാരിവട്ടം ചളിക്കവട്ടം സ്വദേശിനി സബീനയെ അൻവർ സാദത്ത് ജീവിത സഖിയാക്കിയത്. അന്ന് അൻവർ സാദത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.