കൊച്ചി: തിരഞ്ഞെടുപ്പിനു തലേന്ന് ശബരിമല കർമ്മസമിതിയുടെ പേരിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ വ്യാജ പോസ്റ്റർ പ്രചാരണം. ശബരിമല വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്ക് നൽകി സി.പി.എമ്മിനെ വിജയിപ്പിക്കരുതെന്ന് രേഖപ്പെടുത്തിയ പോസ്റ്ററിനെതിരെ ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ തിരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പിക്കും പരാതി നൽകി.
ശബരിമല വിഷയം വളരെ സജീവമായി ചർച്ച ചെയ്ത മണ്ഡലമാണ് തൃപ്പൂണിത്തുറ. ജില്ലയിൽ ശക്തമായി ശബരിമല പ്രക്ഷോഭം നടന്നതും ഇവിടെയാണ്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അക്കാലത്തെ ഒരു പരാമർശം വിവാദമായിരുന്നു. അതിന്റെ വീഡിയോ ക്ളിപ്പുകൾ മണ്ഡലത്തിൽ ഇപ്പോൾ വ്യാപകമായി വീണ്ടും പ്രചരിക്കുകയാണ്. അതിനിടെയാണ് പോസ്റ്റർ നഗരത്തിലും പരിസരത്തും വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.
ശബരിമല ആൾ ഇന്ത്യ ആക്ഷൻ കൗൺസിലിന്റെ ഉപാദ്ധ്യക്ഷനാണ് തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ. ശബരിമല സമരകാലത്ത് മുന്നിൽ നിന്ന് നയിച്ചയാളുടെ വിജയ സാദ്ധ്യത ഇല്ലാതാക്കാനാണ് ഈ പോസ്റ്ററിലൂടെയുള്ള ശ്രമമെന്ന് എസ്.ജെ.ആർ കുമാർ പറഞ്ഞു.