sandeep

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും, ഇതിനായി കൃത്രിമ തെളിവുണ്ടാക്കിയെന്നും പ്രതി സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സന്ദീപ് നായരെ ഇ.ഡി. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട്. മുഖ്യമന്ത്രിക്കു പുറമെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി.ജലീൽ, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി എന്നിവരുടെ പേരു പറയാനും ഇ.ഡി ഭീഷണിപ്പെടുത്തി. .ഇ.ഡി ഉദ്യോഗസ്ഥർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും സന്ദീപ് മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോലഞ്ചേരി ജെ.എഫ്‌.സി.എം കോടതി സന്ദീപിന് നോട്ടീസ് നൽകി.

പൂജപ്പുര ജയിൽ സൂപ്രണ്ട് മുഖേന എറണാകുളം ജില്ലാ ജഡ്ജിക്ക് സന്ദീപ് മാർച്ച് 12ന് നൽകിയ കത്തിലും മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി ഉദ്യോഗസ്ഥൻ നിർബന്ധിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകനായ ആർ.സുനിൽകുമാർ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പൂ‌ജപ്പുര ജയിലിലെത്തി സന്ദീപിന്റെ മൊഴി രേഖപ്പെടുത്തിയത്. മൊഴി മാറ്റിപ്പറയാതിരിക്കാൻ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.