മൂവാറ്റുപുഴ: നിശബ്ദ പ്രചാരണ ദിനത്തിലും തിരക്കൊഴിയാതെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ. ഇന്നലെ വിവിധ വ്യക്തികളെ നേരിൽക്കണ്ട് മാത്യു വോട്ടുറപ്പിച്ചു. വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. മൂവാറ്റുപുഴ ഗവ. ആശുപത്രിയിലെത്തി ജീവനക്കാരോടും മറ്റുള്ളവരോടും വോട്ടഭ്യർത്ഥിച്ചു. വിവിധ കടകളിൽ നേരിട്ടെത്തി വോട്ടുറപ്പിച്ചു. ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ പങ്കെടുത്തു. മണ്ഡലത്തിലെ ഭൂരിഭാഗം വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ മാത്യുവിന് നേരിട്ടെത്താനായത് യു.ഡി.എഫ് വലിയ നേട്ടമായി കരുതുന്നു.
എം.എൽ.എ ആയി തിരഞ്ഞെടുത്താൽ മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലായിരിക്കും പ്രഥമ പരിഗണനയെന്ന് മാത്യു പറഞ്ഞു. സാധാരണക്കാരെയും കർഷകരെയും യുവജനങ്ങളെയും ദളിത് , ആദിവാസി, ഭിന്നശേഷി വിഭാഗങ്ങളെയും ബാധിക്കുന്ന ജീവൽ പ്രശ്നങ്ങളുണ്ട്. അവയൊക്കെ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കും.
ഡോ. മാത്യു കുഴൽനാടൻ ഇന്ന് പൈങ്ങോട്ടൂർ ആയങ്കര അങ്കണവാടി ബൂത്തിൽ രാവിലെ ഏഴിന് കുടുംബാംഗങ്ങൾക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തും.