photo
വൈപ്പിൻ എൽ.ഡി. എഫ്. സ്ഥാനാർത്ഥി കെ. എൻ. ഉണ്ണിക്കൃഷ്ണൻ കുഴുപ്പിള്ളിയിൽ കല്യാണവീട്ടിലെത്തി

യപ്പോൾ

വൈപ്പിൻ: ഗുരുകാരണവന്മാരെയും മറ്റും കണ്ട് അനുഗ്രഹം തേടുകയും വോട്ടുറപ്പിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു വൈപ്പിനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ. ഇന്നലെ സംഘടനകളുടെ ഓഫീസുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും കൂട്ടായ്മകളിലും സുഹൃദ് സദസുകളിലും എത്തി. കിടപ്പുരോഗികളെ സന്ദർശിച്ചു.

തെക്കൻ പുതുവൈപ്പിനിൽ കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയൻ ഓഫീസിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എത്തിയപ്പോൾ ടോക്കൺ വിതരണ സമയമായിരുന്നു. ജനപ്രതിനിധിക്ക് രാഷ്ട്രീയ ഭേദമില്ലെന്നും ന്യായമായ ഏതാവശ്യവും നടത്തിത്തരാൻ കൂടെയുണ്ടാകുമെന്നും പറഞ്ഞു. എൽ. ഡി. എഫ്. നേതാക്കളായ എം.പി. പ്രശോഭ്, ക്ലാര സൈമൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.

എൽ.എൻ.ജി ടെർമിനൽ പ്രദേശത്തെ ബി.എം.എസ്, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു ഓഫീസുകളിലെത്തി തൊഴിലാളികളുമായി സംസാരിച്ചു. അന്തരിച്ച മുൻ ഏരിയാ സെക്രട്ടറി സി. കെ. മോഹനന്റെ വീട്ടിലെത്തി ഭാര്യയുടെ അനുഗ്രഹം തേടി. മാലിപ്പുറത്ത് കാർഡ്ബോർഡ് നിർമ്മാണ കമ്പനി തൊഴിലാളികളെ സന്ദർശിച്ചു. കർത്തേടം റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലെത്തി ജീവനക്കാരോട് സംസാരിച്ചു. എളങ്കുന്നപ്പുഴയിൽ നേരത്തെ വന്നപ്പോൾ ആളില്ലാതിരുന്ന വീടുകളിലെത്തി വോട്ടർമാരെ കണ്ടു.

നായരമ്പലത്ത് കരുണ സ്‌പെഷ്യൽ സ്‌കൂൾ സന്ദർശിച്ചു മടങ്ങുമ്പോൾ പഞ്ചായത്ത് ഗ്രൗണ്ടിൽ പരിശീലനം നടത്തുകയായിരുന്ന വൈപ്പിൻ ഫുട്‌ബാൾ അക്കാഡമിയിലെ കുട്ടികളെ കണ്ട് സ്ഥാനാർത്ഥി അവരുടെ അടുത്തേക്ക് ചെന്നു. സാധാരണക്കാരായ എഴുപതോളം കുട്ടികളാണ് അക്കാഡമിയിലുള്ളതെന്നും പ്രതിഭാധനരെങ്കിലും ജേഴ്‌സി വാങ്ങാൻ പോയിട്ട് ഫീസ് അടയ്ക്കാൻപോലും സാഹചര്യമില്ലാത്തവരാണെന്നും സ്ഥാനാർത്ഥിയോട് പരിശീലകൻ വിനു നെടുങ്ങാട് വിശദീകരിച്ചു. ഫുട്‌ബാളിൽ താത്പര്യമുള്ള പതിനെട്ടുവയസിൽ താഴെയുള്ള കുട്ടികളെ ദത്തെടുത്ത് എല്ലാ സഹായവും ചെയ്യുമെന് വാഗ്ദാനം നൽകിയ സ്ഥാനാർത്ഥി ജേഴ്‌സി ലഭിക്കാൻ ഉടൻ ഏർപ്പാടുണ്ടാക്കുമെന്ന് ഉറപ്പുനൽകി.