booth
പ്രശ്നബാധിത ബൂത്തായ എടയപ്പുറം ഗവ. എൽ.പി സ്കൂൾ വളപ്പിൽ സ്ഥാപിച്ച താത്കാലിക പോളിംഗ് സ്റ്റേഷന് മുമ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ആലുവ: ആലുവ മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയിലുള്ള എടയപ്പുറം ഗവ. എൽ.പി സ്കൂളിലെ 108 -ാം നമ്പർ ബൂത്ത് താത്കാലിക ഷെഡിൽ അസൗകര്യങ്ങളുടെ നടുവിലെന്ന് പരാതി. പ്രതിഷേധവും അമർഷവുമെല്ലാം ഉള്ളിലൊതുക്കി ചുമതല നിർവഹിക്കാൻ പോളിംഗ് ഉദ്യോഗസ്ഥർ തയ്യാറാണെങ്കിലും വോട്ടെടുപ്പ് സുഗമമായി നടക്കുമോയെന്ന ആശങ്കയുമുണ്ട്.

കീഴ്മാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട എടയപ്പുറം ഗവ. എൽ.പി സ്കൂളിൽ മൂന്ന് ബൂത്തുകളാണുള്ളത്. 109, 109 എ ബൂത്തുകൾ സ്കൂളിലെ ഓഫീസ് കെട്ടിടത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. 108 -ാം നമ്പർ ബൂത്തിനായി 150 ചതുരശ്ര അടി വിസ്തീർണം മാത്രമുള്ള താത്കാലിക ഷെഡ് നിർമ്മിച്ചിരിക്കുകയാണ്. സ്കൂളിലെ മറ്റൊരു കെട്ടിടം പുനർനിർമ്മിക്കുന്നതിനാലാണ് താത്കാലിക ഷെഡ് നിർമ്മിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നപ്പോൾ സ്കൂൾ കെട്ടിടനിർമ്മാണം നടക്കുന്നതിനാൽ ഇവിടെ രണ്ട് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഒരു ബൂത്ത് സമീപത്തെ മറ്റൊരു ബൂത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇക്കുറി അസൗകര്യങ്ങൾ പരിഗണിക്കാതെ ഉദ്യോഗസ്ഥർ മൂന്നാമത്തെ ബൂത്തും ഇവിടെ നിശ്ചയിക്കുകയായിരുന്നു.

പ്രിസൈഡിംഗ് ഓഫീസറും സാനിറ്ററൈസ് ചെയ്യാൻ ചുമതലപ്പെട്ടയാളും ഉൾപ്പെടെ ആറ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളുടെ മൂന്നിൽ കുറയാത്ത പോളിംഗ് ഏജന്റുമാരും ഈ ഷെഡിലാണ് ഇരിക്കേണ്ടത്. ഇവർക്ക് പുറമെ പ്രശ്നബാധിത ബൂത്തായതിനാൽ വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ ചുമതലക്കാരുമുണ്ടാകും. എല്ലാവരും കൂടി ഇരിക്കുമ്പോൾ സാമൂഹിക അകലം ജലരേഖയായി മാറുമെന്നതാണ് ആശങ്ക. നാല് വശവും ടർപ്പോളിനും മറ്റ് ഷീറ്റും വച്ച് മറച്ചിരിക്കുകയാണ്. ഇരുവശത്തുമായി രണ്ട് വാതിലുകൾ മാത്രമാണുള്ളത്.