പറവൂർ: സമ്മതിദായകർക്ക് വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തുകൾ ഒരുങ്ങി. പറവൂർ നിയോജക മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികൾ പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിതരണംചെയ്തു. കളമശേരി നിയോജകമണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഇരുമണ്ഡലങ്ങളിലും 298 ബൂത്തുകൾ വീതമുണ്ട്. രണ്ട് വിദ്യാലയങ്ങളിലും 30 കൗണ്ടറുകൾ വീതം സജ്ജീകരിച്ചായിരുന്നു വിതരണം. ടോക്കൺ സംവിധാനത്തിലൂടെയാണ് പോളിംഗ് ഓഫിസർമാരെ കൗണ്ടറിലേക്ക് കടത്തിവിട്ടത്. പോളിംഗ് സാമഗ്രികൾക്കൊപ്പം കൊവിഡിനെ പ്രതിരോധിക്കുന്നതിനായി സാനിറ്റൈസർ, ഷീൽഡ്, മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് എന്നിവയും ഉദ്യോഗസ്ഥർക്ക് നൽകി.
തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെ സാമഗ്രികളുടെ വിതരണം സുഗമമായി നടന്നു. സാമഗ്രികൾ വാങ്ങാൻ എത്തേണ്ട സമയം ക്രമീകരിച്ച് നേരത്തെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതിനാൽ സാധാരണയുണ്ടാകാറുള്ള തിരക്ക് ഇത്തവണ ഉണ്ടായില്ല. ഒന്നരയോടെതന്നെ പറവൂരിലെ വിതരണം പൂർത്തിയായി. സാമഗ്രികൾ വാങ്ങിയ ഉദ്യോഗസ്ഥരെ വാഹനങ്ങളിൽ അതാത് പോളിംഗ് ബൂത്തുകളിലേക്ക് എത്തിച്ചു.
പ്രിസൈഡിംഗ് ഓഫിസർ, മൂന്ന് പോളിംഗ് ഓഫീസർമാർ, പോളിംഗ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരാണ് ഓരോ ബൂത്തിലും ഉണ്ടാകുക. ഒരു ബൂത്തിലേക്ക് ഒരു വോട്ടിംഗ് മെഷീനും ഒരു കൺട്രോൾ യൂണിറ്റുമാണ് നൽകിയിരിക്കുന്നത്. യന്ത്രം തകരാറിലായാൽ പകരമെത്തിക്കാൻ മെഷീനുകൾ തയ്യാറാക്കിയിട്ടുണ്ട്. പോളിംഗിനുശേഷം പറവൂർ നിയോജമക മണ്ഡലത്തിലെ യന്ത്രങ്ങൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കളമശേരിയിലേത് പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലും തിരികെ എത്തിക്കും. ഇതേ വിദ്യാലയങ്ങളിൽ തന്നെയാണ് വോട്ടെണ്ണലും നടക്കുക.