കളമശേരി: അഴിമതിയിലും കുടുംബഭരണമോഹത്തിലും നിന്ന് കളമശ്ശേരി തിരിച്ചുപിടിയ്ക്കാനാവുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ്. മണ്ഡലത്തിലുടനീളം നാല് പ്രാവശ്യം നേരിട്ടുള്ള പര്യടനം പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്. നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ രാവിലെ കളമശേരി നഗരസഭ പരിധിയിലെ റെസിഡൻഷ്യൽ കോളനികളിലെ വീടുകളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു. നേരിൽ കാണാൻ കഴിയാതെപോയവരെയും മറ്റു വ്യക്തികളെയും കുടുംബങ്ങളെയും ഫോണിലൂടെ വിളിച്ചു പിന്തുണ ഉറപ്പാക്കി. വൈകിട്ട് ഏലൂർ, മഞ്ഞുമ്മൽ മേഖലയിലെ വീടുകളിലും നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു. മണ്ഡലത്തിലെ 152 ആം നമ്പർ ബൂത്തിൽ യൂണിവേഴ്‌സിറ്റി കോളനിയിലെ അംബേദ്കർ ട്രെയിനിംഗ് സെന്ററിലെ പോളിംഗ് ബൂത്തിൽ രാവിലെ രാജീവ് വോട്ട് രേഖപ്പെടുത്തും.