തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റിൽ കൺട്രോൾറൂം പൂർണ സജ്ജം. ഇന്ന് പുലർച്ചെ അഞ്ചു മുതൽ വോട്ടെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തനങ്ങൾ പുരോഗമിക്കുക. സെക്ടറൽ ഓഫീസർമാരുടെ പ്രവർത്തനം,പോളിംഗ് ബൂത്തുകളിലെ പരാതികളുടെ വിവരശേഖരണം, വെബ് കാസ്റ്റിംഗ് നടത്തുന്ന ബൂത്തുകളിൽ നിന്നുള്ള നിരീക്ഷണം എന്നിവ കണ്‍ട്രോൾ റൂമിലായിരിക്കും ഏകോപിപ്പിക്കുക. ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസിന്റ മേൽനോട്ടത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം.
കളക്ടറേറ്റിലെ സ്പാർക്ക് ഹാളിലാണ് കxട്രോൾ റൂം സജ്ജീകരിച്ചിരിക്കുന്നത്. സെക്ടറൽ ഓഫീസർമാരെ നിരീക്ഷിക്കുന്നത് ഇലിട്രയ്‌സസ് എന്ന ആപ്ലിക്കേഷൻ വഴിയാണ്. ഏതെങ്കിലും പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചാൽ സെക്ടറൽ ഓഫീസർമാരുടെ കൈവശമുള്ള റിസർവ്ഡ് വോട്ടിംഗ് യന്ത്രങ്ങൾ പകരം എത്തിക്കണം. ഇതെല്ലാം കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും നടപ്പിലാക്കുക.
ബൂത്തുകളിലെ പോളിംഗ് ഓഫീസർമാർ ഓരോ മണിക്കൂറിലെയും പോളിംഗ് പുരോഗതി പോൾ മാനേജർ ആപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്യും പരാതികളും രേഖപ്പെടുത്താം. ഓരോ പരാതിക്കും ഉതകുന്ന പരിഹാരം കൺട്രോൾ റൂമിൽ നിന്നും നൽകും. ഇതനുസരിച്ചായിരിക്കും വോട്ടിംഗ് പുരോഗമിക്കുക.
വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളുടെ നിരീക്ഷണവും ഉണ്ടാകും. ഇതിനെല്ലാമായി 77 സ്‌ക്രീനുകളാണ് കൺട്രോള്‍ റൂമിൽ സജ്ജീകരിച്ചിരിക്കുന്നത്. 100നടുത്ത് ടെക്‌നിക്കൽ സ്റ്റാഫുകളും നിരീക്ഷണ ചുമതലയിലുണ്ട്. ഇതു കൂടാതെ വരണാധികാരികളുടെ നേതൃത്വത്തിലും നിരീക്ഷണമുണ്ട്. കെൽട്രോൺ , അക്ഷയ, കെ.എസ്.ഇ.ബി, ബി. എസ്.എൻ.എൽ, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവരുടെ ഏകോപനത്തിലാണ് പ്രവർത്തനം.