മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം നിശബ്ദ പ്രചാരണദിവസമായ ഇന്നലെയും വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു. രാവിലെ വാളകത്ത് വീടുകൾ സന്ദർശിച്ചാണ് പര്യടനം തുടങ്ങിയത്. തുടർന്ന് പായിപ്ര സൊസൈറ്റിപ്പടിയിലെ സ്ഥാപനങ്ങൾ, തൃക്കളത്തൂർ കാവുംപടി, പേഴയ്ക്കാപ്പിളളി തട്ട്പറമ്പിലും വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. ആയവനയിൽ കമ്പനികൾ, കോളനികൾ, പോത്താനിക്കാട്, പൈങ്ങോട്ടൂർ കല്ലൂർക്കാട്, മഞ്ഞള്ളൂർ ആവോലി പഞ്ചായത്തുകളിൽ വോട്ടർമാരെ നേരിൽകണ്ട് പിന്തുണതേടി. പാലക്കുഴ, ആരക്കുഴ, മാറാടി പഞ്ചായത്തുകളിലം മൂവാറ്റുപുഴ നഗരസഭയിലും വോട്ടർമാരെ കണ്ടു.
മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങളും എൽ.ഡി.എഫ് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസവും എൽദോയുടെ വിജയം ഉറപ്പിക്കുമെന്ന് എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി എം ഇസ്മയിലും കൺവീനർ ബാബുപോളും പറഞ്ഞു.
സ്വന്തം നാടായ തൃക്കളത്തൂരിലെ ഗവ.എൽ.പി.ജി സ്കൂളിലെ നാലാംനമ്പർ ബൂത്തിൽ എൽദോ എബ്രഹാം രാവിലെ വോട്ട് രേഖപ്പെടുത്തും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബുപോൾ, ജില്ലാ എക്സിക്യുട്ടീവ് അംഗം എൻ. അരുൺ, ശബരിമല മുൻ മേൽശാന്തി എ.ആർ. രാമൻ നമ്പൂതിരി എന്നിവർ ഇതേബൂത്തിൽ വോട്ടുചെയ്യും.