കുറുപ്പംപടി: നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി വോട്ടുറപ്പിച്ചു. രാവിലെ ചേരാനല്ലൂർ ഈറ്റ നെയ്ത്ത് കേന്ദ്രത്തിലെത്തിയ സ്ഥാനാർത്ഥി തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. പുല്ലുവഴി ജ്യോതിദർശനയിൽ സന്ദർശനം നടത്തിയ ശേഷം ഓടക്കാലി മസ്ജിദുൽ ഇജാബയിലെ ഉസ്താദ് പി.എസ് സിദ്ദിഖ് ഹസനിയെ സന്ദർശിച്ച് അനുഗ്രഹം തേടി. പെരുമ്പാവൂർ സ്നേഹനഗരിൽ വീടുകൾ സന്ദർശിച്ചശേഷം കൂവപ്പടി പഞ്ചായത്തിലെ മദ്രാസ് കവല മൂന്ന് സെന്റ് കോളനി എന്നിവിടങ്ങളിലെത്തി. താന്നിപ്പുഴ അനിതാ കോൺവെന്റ് സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. എൻ.എസ്.എസ് ഓഡിറ്റോറിയം, വെങ്ങോല, പെരുമാനി, പാറേത്തുമുകൾ പള്ളി എന്നിവിടങ്ങളിലെ കല്യാണച്ചടങ്ങുകളിലും ഒന്നാംമൈലിൽ വിവാഹനിശ്ചയചടങ്ങിലും പങ്കെടുത്തു.
പെരുമ്പാവൂർ എസ്.എൻ.ഡി.പി യോഗം ഓഫീസ് സന്ദർശിച്ചു. പെരുമാനി, പാണിയേലി, കാഞ്ഞിരക്കാട്, കുറിച്ചിലക്കാട് എന്നിവിടങ്ങളിലെ മരണാനന്തര ചടങ്ങുകളിലും എൽദോസ് കുന്നപ്പിള്ളി പങ്കെടുത്തു.
പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്‌കൂളിലാണ് എൽദോസ് കുന്നപ്പിള്ളിക്ക് വോട്ട്. ഭാര്യ മറിയാമ്മയ്ക്കൊപ്പം 142 -ംനമ്പർ കിഴക്കുഭാഗം ബൂത്തിൽ രാവിലെ എൽദോസ് കുന്നപ്പിള്ളി വോട്ട് രേഖപ്പെടുത്തും.