കൊച്ചി: തിരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പിന്റെയും ബഹളങ്ങൾക്കിടയിൽ കൊവിഡ് ജാഗ്രത കൈവിടരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ് . രാജ്യമെമ്പാടും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം അണപൊട്ടിയതോടെ കേരളത്തിലും രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. വോട്ടു ചോദിക്കാനുള്ള അവസാന അവസരമായതിനാൽ ബൂത്തിലെത്തുംവരെ ഇന്ന് വിവിധ മുന്നണികളുടെ പ്രവർത്തകർ വോട്ടർമാരുടെ പിന്നാലെയുണ്ടാകും. സുഹൃത്തുക്കളെ കാണുമ്പോൾ ഹസ്തദാനം ചെയ്യാനും ആശ്ളേഷിക്കാനും മാസ്ക് മാറ്റാനും തോന്നും. കൊവിഡിനെ കരുതി സ്നേഹപ്രകടനങ്ങളെല്ലാം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• എല്ലായ്‌പ്പോഴും വായും മൂക്കും മറയുന്ന രീതിയിൽ മാസ്‌ക് ധരിക്കുക.സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തരുത്.
• തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റണം
• സാമൂഹിക അകലം പാലിച്ച് വേണം വോട്ട് രേഖപ്പെടുത്താൻ നിൽക്കേണ്ടത്
• ബൂത്തിനകത്ത് പ്രവേശിക്കുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക
• പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെ കൂടെ കൊണ്ടുപോകാതിരിക്കുക
• പ്രായമായവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുമായി അടുത്തസമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കുക
• മറ്റുള്ളവരുമായി അടുത്തിടപഴകുന്നതും ഹസ്തദാനം നൽകുന്നതും ഒഴിവാക്കുക.
• കൂട്ടം കൂടി നിൽക്കരുത്. എല്ലായ്‌പ്പോഴും ശാരീരിക അകലം പാലിക്കുക.
• പൊതു സ്ഥലങ്ങളിൽ തുപ്പരുത്
• പനിയോ, മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവർ പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുക
• വീട്ടിലെത്തി കുളിച്ച് വസ്ത്രങ്ങൾ കഴുകി വൃത്തിയായതിനുശേഷം മാത്രം വീട്ടുകാരുമായി ഇടപഴകുക.