booth

കോലഞ്ചേരി: ആകെ വോട്ടർമാർ ഏഴു മാത്രം. ഇവർക്കായി പോളിംഗ് ഡ്യൂട്ടിയിൽ അഞ്ചു പേർ. ഇവരാകട്ടെ വോട്ടർമാരെ ശുശ്രൂഷിക്കാൻ ചുമതലപ്പെട്ടവർ തന്നെ! എറണാകുളം ജില്ലയിലെ പുത്തൻകുരിശ് പഞ്ചായത്ത് വരിക്കോലി പത്താം വാർഡിൽ രണ്ടാം ബൂത്തായ സാൽവേഷൻ ആർമി കമ്മ്യൂണി​റ്റി ഹാളിലാണിത്. സാൽവേഷൻ ആർമിയുടെ കീഴിലെ കുഷ്ഠരോഗാശുപത്രിയിലെയും പുനരധിവാസ കേന്ദ്രത്തിലെയും അന്തേവാസികൾക്കും ജീവനക്കാർക്കും വേണ്ടി മാത്രമാണീ ബൂത്ത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇവിടെ 17 വോട്ടുണ്ടായിരുന്നു. ഇന്നലെ പോളിംഗ് ഉദ്യോഗസ്ഥരുടെ കൈവശമെത്തിയ പട്ടികയിൽ ഏഴു പേരെയുള്ളൂ. ജീവനക്കാരിൽ ചിലരുടെ വോട്ടാണ് നഷ്ടമായത്.

റിട്ടേണിംഗ് ഓഫീസറുടെ പ്രത്യേക അനുമതിയോടെ ഇവിടത്തെ ജീവനക്കാർ തന്നെയാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും നടപടികൾ നിയന്ത്രിക്കുന്നത്. ആശുപത്രി ജീവനക്കാരി ആനി റോബിയാണ് പ്രിസൈഡിംഗ് ഓഫീസർ. ജോയ്സ് ജോസഫ്, റേച്ചൽ തങ്കച്ചൻ, ലിമു എന്നിവരാണ് മറ്റുദ്യോഗസ്ഥർ. സുരക്ഷാ ചുമതലയ്ക്ക് ഒരു ജീവനക്കാരനുണ്ട്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കാലം മുതൽ ഇവിടത്തെ അന്തേവാസികൾക്ക് വോട്ടു ചെയ്യാൻ ബൂത്തുണ്ട്. 40 വർഷമായി ഇവിടെ അന്തേവാസിയായ 74 കാരൻ പീറ്റർ അമൽരാജാണ് വോട്ടർമാരിൽ മൂപ്പൻ.