ആലുവ: വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആലുവ നിയോജക മണ്ഡലത്തിൽ ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയിൽ. അട്ടിമറി വിജയം നേടുമെന്നാണ് എൻ.ഡി.എയുടെ അവകാശവാദം.
എക്കാലവും കോൺഗ്രസിന്റെ കുത്തക മണ്ഡലമായാണ് ആലുവ കരുതപ്പെടുന്നത്. ചിലപ്പോഴൊക്കെ കോൺഗ്രസ് വിരുദ്ധരെയും തുണച്ചിട്ടുണ്ട്. 2006ൽ എ.എം. യൂസഫിലൂടെയാണ് സി.പി.എമ്മിന് ആദ്യമായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് മണ്ഡലം ലഭിച്ചത്. 2011ലും 16ലും കോൺഗ്രസിലെ അൻവർ സാദത്തിനായിരുന്നു ജയം. ഇക്കുറി ഷെൽന നിഷാദിലൂടെ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. 2016ൽ ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ഇക്കുറി വിജയിക്കുമെന്ന് അൻവർ സാദത്തും അവകാശപ്പെടുന്നു. നിലവിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപിയാണ് 2011ലും മത്സരിച്ചത്. ജില്ലയിൽ അന്ന് മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥികളിൽ ഏറ്റവുമധികം വോട്ട് നേടിയത് ഗോപിയാണ്. 2016ൽ ലത ഗംഗാധരൻ മത്സരിച്ചപ്പോൾ 19,000ത്തോളം വോട്ട് നേടി. ഇവിടെയാണ് 35,000 വോട്ടുനേടി അട്ടിമറിവിജയം നേടുമെമെന്ന് ഗോപി അവകാശപ്പെടുന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി മൂഴിയാൽ, പേങ്ങാട്ടുശേരി, പുറയാർ, വെങ്ങോലകുന്ന്, വിരുത്തി, ഹെർബർട്ട് കോളനി, തോട്ടുമുഖം തുരുത്തി ലൈൻ, ചൂർണിക്കര, ആലുവ എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. അൻവർ സാദത്ത് വൻ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു.
നിശബ്ദ പ്രചാരണവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് പ്രവർത്തകരെയും വോട്ടർമാരെയും കണ്ടു. ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ, കീഴ്മാട്, എടത്തല, ചൂർണിക്കര പഞ്ചായത്തുകളിലും ആലുവ ടൗണിലെ ബൂത്തുകളിലും എത്തി. ഷെൽന നിഷാദിന്റെ വിജയം ഉറപ്പാണെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ വി. സലിം പറഞ്ഞു.
എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി നെടുമ്പാശേരി പഞ്ചായത്തിലെ കാരക്കാട്ടുകുന്ന് പ്രദേശത്തെ വീടുകളിൽ വോട്ടഭ്യർത്ഥിച്ചാണ് നിശബ്ദ പ്രചാരണത്തിന് ഇന്നലെ തുടക്കമിട്ടത്. തുരുത്തുശേരി, പാലാഞ്ചേരി, ലക്ഷംവീട് കോളനി, തോട്ടക്കാട്ടുകര തുടങ്ങിയ പ്രദേശങ്ങളിൽ സന്ദർശിച്ചു. പ്രചാരണത്തിന് തുടക്കംകുറിച്ച ആലുവ മണപ്പുറം ശിവക്ഷേത്ര ദർശനത്തോടെയാണ് ഔദ്യോഗികപ്രചാരണം അവസാനിപ്പിച്ചത്. എം.എൻ. ഗോപി അട്ടിമറി വിജയം നേടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ. സെന്തിൽകുമാർ പറഞ്ഞു.