കോലഞ്ചേരി: വോട്ടെടുപ്പിന്റെ തലേന്ന് വ്യക്തി, ഭവന സന്ദർശനത്തിനാണ് കുന്നത്തുനാട് നിയോജകമണ്ഡലം യു ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രൻ മുൻഗണന നൽകിയത്. മണ്ഡലത്തിലുടനീളം മിന്നൽ പ്രചാരണം നടത്തിയാണ് അവസാനിപ്പിച്ചത്. മണ്ഡലത്തിലെ കോളനികൾ അടക്കമുള്ള പ്രദേശങ്ങളിൽ വികസനം എത്തിക്കാൻ കഴിഞ്ഞത് യു.ഡി.എഫ് നേട്ടമായിത്തന്നെ കരുതുന്നു. മണ്ഡലത്തിൽ നടന്ന റോഡ് ഷോകളും വൻ വിജയമായിരുന്നു. രാഹുൽഗാന്ധി പ്രചാരണത്തിനായി കോലഞ്ചേരിയിൽ എത്തിയത് നേട്ടമാണെന്നാണ് വിലയിരുത്തൽ. ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് അവസാനവട്ട അവലോകനയോഗം നടന്നു. കള്ളവോട്ട് തടയാൻ കർശന നിർദേശമാണ് പോളിംഗ് ഏജന്റുമാർക്ക് നൽകിയിരിക്കുന്നത്. കോലഞ്ചേരി തൊണ്ടിപ്പീടിക മഹിളാ ക്ഷേമകേന്ദ്രത്തിൽ സജീന്ദ്രൻ രാവിലെ 8ന് വോട്ട് രേഖപ്പെടുത്തും.