high-court

കൊച്ചി: നിയമവിരുദ്ധമായി പാറ പൊട്ടിച്ചു കടത്തുന്നതിനെ മോഷണമായി കണക്കാക്കി നടപടിയെടുക്കാൻ പൊലീസിന് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി. തൃശൂർ കൂട്ടാല സ്വദേശി സി.ജെ. ഷൈബി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
മണ്ണുത്തിയിലെ പാറമടയിൽ നിന്ന് അനുമതി ലഭിച്ചതിലേറെ പാറ പൊട്ടിച്ചു കടത്തുന്നതായി ഹർജിക്കാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. മണ്ണുത്തി പൊലീസ് നടപടിസ്വീകരിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഭൂമിയിലെ ധാതുസമ്പത്ത് നിയമവിരുദ്ധമായി കടത്തുന്നത് മോഷണമാണെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. മണൽ സ്ഥാവരവസ്തുവായതിനാൽ നിയമവിരുദ്ധമായി കടത്തുന്നത് മോഷണമല്ലെന്ന വാദം ഒരു ഹർജിയിൽ സുപ്രീംകോടതി തള്ളിയിട്ടുണ്ട്. മണൽ ഖനനം ചെയ്യുന്നതോടെ ഭൂമിയിൽനിന്ന് വേർപെടുന്നതിനാൽ സ്ഥാവരവസ്തുവല്ലാതാകുമെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. ഈ വിധിന്യായങ്ങൾ മുൻനിറുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജിക്കാരന്റെ പരാതിയിൽ ഒരു മാസത്തിനകം നടപടിയെടുക്കാനും മണ്ണുത്തി പൊലീസിന് കോടതി നിർദ്ദേശം നൽകി.