കൊച്ചി: നിശബ്ദ പ്രചാരണ ദിനത്തിൽ വേറിട്ട സന്ദർശനങ്ങളുമായി സ്ഥാനാർത്ഥികൾ. കളമശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് മണ്ഡലത്തിലെ മുന്നണിയുടെ മുഴുവൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും സന്ദർശിച്ചു. കളമശേരി നഗരസഭ പരിധിയിലെ 150 വീടുകളും ഏലൂർ, മഞ്ഞുമ്മൽ മേഖലയിലെ നൂറോളം വീടുകളും സന്ദർശിക്കാൻ സമയം കണ്ടെത്തി. കളമശേരി, ഏലൂർ, കടുങ്ങല്ലൂർ മേഖലകളിലെ സ്ഥാപനങ്ങളിലും രാജീവ് സന്ദർശനം നടത്തി.
മണ്ഡലത്തിലെ നഗരസഭയിലെയും മുഴുവൻ പഞ്ചായത്തുകളിലെയും പ്രധാന വോട്ടർമാരെ കാണാനാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജയരാജ് ഇന്നലെ സമയം ചെലവഴിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൾ ഗഫൂർ വിടാക്കുഴി ക്ഷേത്രവും ഇടപ്പള്ളി യത്തീംഖാനയും സന്ദർശിച്ചു. കടേപ്പിള്ളി കോളനി, കിഴക്കെ കടുങ്ങല്ലൂർ, വെളിഞ്ഞിൽ മന, നെടുമാലി, ഏലപ്പിള്ളി മന തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനം നടത്തി.
തൃപ്പൂണിത്തുറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജ് ഉദയംപേരൂരിലെ കോളനികളിലും ഇടക്കൊച്ചി, പള്ളുരുത്തി, കുമ്പളംഭാഗങ്ങളിലും ചില ദ്വീപുകളിലുമാണ് സന്ദർശനം നടത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബാബു മണ്ഡലത്തിലെ എല്ലാ ബൂത്ത് തല പ്രവർത്തകരെയും നേരിൽ കണ്ട് ചർച്ച നടത്തി. കള്ളവോട്ട് തടയാനുള്ള മുന്നൊരുക്കം നടത്തി. ബാബുവിന് വേണ്ടി ഇന്നലെ പ്രവർത്തകർ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ 88 പുഷ്പാഞ്ജലികൾ അർപ്പിച്ചു.
ശബരിമലയിലെ പൂങ്കാവനങ്ങൾ സ്മരിച്ച് മണ്ഡലത്തിലെ 18 ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് ഇന്നലെ എൻ.ഡി.എ.സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ നിശബ്ദ പ്രചാരണത്തിന് തുടക്കമിട്ടത്. രാവിലെ 6 ന് ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി വിവിധ സമുദായങ്ങളുടെ 18 ക്ഷേത്രങ്ങളാണ് രാധാകൃഷ്ണൻ സന്ദർശിച്ചത്. ഇന്ന് രാവിലെ രാധാകൃഷ്ണന്റെയും ബി.ജെ.പിയുടെയും പേരിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ക്ഷേത്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ വഴിപാട് നേരും.