• കൂടുതൽ പേരുടെ പട്ടിക തയ്യാറാക്കും
കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിസ്റ്റൾ കണ്ടെത്തിയ സംഭവത്തിൽ സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പൊലീസ് അന്വേഷണം വിപുലമാക്കുന്നു. ഇവരെ തിരഞ്ഞെടുപ്പിന് ശേഷം ചോദ്യം ചെയ്യും. മാളിലെ കൂടുതൽ ഭാഗങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും തോക്ക് ഉപേക്ഷിച്ചയാളെക്കുറിച്ച് വ്യക്തത ലഭിച്ചില്ല.
ആദ്യം സംശയിച്ച 82കാരനടക്കം ഇതുവരെ അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് മാളിന് മുന്നിലെ ട്രോളി പാർക്കിംഗ് ഏരിയയിൽ നിന്ന് ഉപയോഗക്ഷമമല്ലാത്ത 1964 മോഡൽ റഷ്യൻ സെമി ഓട്ടോമാറ്റിക് പിസ്റ്റളും അഞ്ച് തിരകളും കണ്ടെത്തിയത്.
റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥനായ 82കാരനിൽ നിന്ന് ഒരു സൂചനയും ലഭിക്കാത്തതിനാലാണ് സംശയ നിഴലിലുണ്ടായിരുന്ന നാല് പേരെ കൂടി ഞായറാഴ്ച ചോദ്യം ചെയ്തത്.