നെടുമ്പാശേരി: മാസ്‌ക് ധരിക്കാത്തതിനാൽ മദ്യം നൽകാത്തതിൽ പ്രകോപിതനായി ബിവറേജസ് ജീവനക്കാരനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ കിടങ്ങൂർ തുറവൂർ മാമ്പിള്ളി വീട്ടിൽ മാർട്ടിനെ (46) കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച്ച വൈകിട്ടാണ് നെടുമ്പാശേരിയിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിലെ ജീവനക്കാരൻ ചേരാനല്ലൂർ സ്വദേശി സേവ്യർ തോമസിനെ (56) പ്രതി ആക്രമിച്ചത്. സേവ്യർ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യം വാങ്ങാനെത്തിയ പ്രതിയോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവഗണിക്കുകയും ധിക്കാരപൂർവ്വം ഷോപ്പിനകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ജീവനക്കാർ പുറത്തേക്ക് തള്ളിയിറക്കിയതിനെ തുടർന്ന് ഒന്നര മണിക്കൂറോളം ഓട്ടോറിക്ഷയിൽ പതുങ്ങിയിരുന്ന പ്രതി ചായ കുടിക്കാൻ സേവ്യർ പുറത്തേക്കിറങ്ങിയപ്പോൾ ആക്രമിക്കുകയായിരുന്നു.