ആലുവ: കെ.എസ്.ഇ.ബി ഓഫീസ് കോമ്പൗണ്ടിൽ നിന്ന് അലുമിനിയം കമ്പി മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ ഏലൂർ ചിറാക്കുഴി സെൽവൻ (32), സഹോദരൻ ജയറാം (36) എന്നിവരെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ 3.15നാണ് കെ.എസ്.ഇ.ബി എടയാർ സെക്ഷൻ ഓഫീസ് കോമ്പൗണ്ടിൽ നിന്ന് പ്രതികൾ കമ്പി മോഷ്ടിച്ച് ഓട്ടോയിൽ കടത്താൻ ശ്രമിച്ചത്. പൊലീസ് പരിശോധന ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കൊടിതോരണങ്ങൾ ഓട്ടോറിക്ഷയിൽ കെട്ടിയിരുന്നു. 45 മീറ്റർ വീതം നീളമുള്ള രണ്ടു റോൾ പുതിയ അലുമിനിയം കമ്പിയാണ് മോഷ്ടിച്ചത്. അസി.എൻജിനിയറുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കെഎൽ 36-8770 നമ്പറിലുള്ള ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏപ്രിൽ 15 വരെ റിമാൻഡ് ചെയ്തു.