colle

കൊച്ചി: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്ന എറണാകുളം ജില്ലാകളക്ടർ എസ്.സുഹാസിന് ഇന്നലെ അത്താഴം പോളിംഗ് ബൂത്തിലായിരുന്നു. കൊച്ചി മണ്ഡലത്തിലെ രാമൻതുരുത്ത് ബൂത്തിലെത്തിയ അദ്ദേഹം പോളിംഗ് ഉദ്യോഗസ്ഥരോടൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. വൈകിട്ട് ഏഴരയോടെ ബൂത്തിലെത്തിയ കളക്ടർ ഉദ്യോഗസ്ഥരോട് സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

ഒരു മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നത്. വിജ്ഞാപനം വരുന്നതിനു മുമ്പേ തിരഞ്ഞെടുപ്പ് വിഭാഗം ജോലിത്തിരക്കുകളിലേക്ക് മാറിയിരുന്നു. ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പ്രവർത്തനങ്ങളാണ് ഉദ്യോഗസ്ഥർ നടത്തിയത്. ഇക്കുറി കൊവിഡ് കാരണം തിരഞ്ഞെടുപ്പ് പല രീതിയിലാണ് പൂർത്തിയാക്കിയത്. ആബ്‌സന്റീ വോട്ടേഴ്‌സ് , അവശ്യ സർവീസുകാർ, പോളിംഗ് ഡ്യൂട്ടിയിലുള്ളവർ എന്നീ വിഭാഗങ്ങൾക്കായി മൂന്ന് രീതിയിൽ വോട്ടെടുപ്പ് നേരത്തെ തുടങ്ങി. ഇത് കൂടാതെ അനുബന്ധ ബൂത്തുകൾ ഒരുക്കേണ്ട സാഹചര്യവുമുണ്ടായി.

തിരഞ്ഞെടുപ്പ് വിജയത്തിൽ ജീവനക്കാരുടെ പങ്ക് വളരെ വലുതാണെന്ന് കളക്‌ടർ പറഞ്ഞു.