കൊച്ചി: കലൂർ മണപ്പാട്ടിപ്പറമ്പിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു; മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ആക്രിപെറുക്കി ജീവിക്കുന്ന ബാബു (മുഴ ബാബു - 50)ആണ് കൊല്ലപ്പെട്ടത്. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി മനാഫ്(33), ഇടക്കൊച്ചി സ്വദേശി വിഷ്ണു(28), സലാം എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി 10.30-നാണ് കേസിനാസ്പദമായ സംഭവം. മണപ്പാട്ടിപ്പറമ്പിന് സമീപം വഴിയിലിരുന്ന് ഇവർ മദ്യപിക്കുന്നതിനിടെ മനാഫിന്റെ പോക്കറ്റിൽ നിന്ന് ബാബു പഴ്‌സ് എടുത്ത് 800 രൂപ കൈക്കലാക്കി. ഇതിനെ പ്രതികൾ ചോദ്യം ചെയ്തു. തർക്കം അടിപിടിയിലെത്തുകയും മൂവരും ചേർന്ന് ബാബുവിനെ മർദ്ദിക്കുകയും ചെയ്തു. പലക കൊണ്ട് തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഇവർ വഴിയിൽ ഉപേക്ഷിച്ചു. സമീപത്തെ ലോഡ്ജിലെ അന്തേവാസിയാണ് വിവരം പൊലീസിൽ അറിയിച്ചത്.
എറണാകുളം നോർത്ത് പൊലീസ് ബാബുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു.
മനാഫിനെയും വിഷ്ണുവിനെയും ഞായറാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. സലാം തിങ്കളാഴ്ച ഉച്ചയ്ക്ക് പിടിയിലായി.