നെടുമ്പാശേരി: ആലുവ എം.എൽ.എ അൻവർ സാദത്ത് എല്ലാ വിവാഹ വാർഷിക ദിനത്തിലും കുടുംബവുമായി പുറത്തുപോകുകയാണ് പതിവ്. ഉച്ചഭക്ഷണവും പുറത്തുനിന്നു തന്നെ. കഴിഞ്ഞ 17 വർഷമായി പിന്തുടരുന്ന രീതി ഇതാണ്. സഫ ഫാത്തിമയും സിമി ഫാത്തിമയും ജനിച്ച ശേഷവും പതിവ് രീതിക്ക് മാറ്റമുണ്ടായില്ല.
ഇക്കുറി എല്ലാം തെറ്റിച്ചു. 18 -ാം വാർഷിക ദിനം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായതിനാൽ ആലുവയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് പതിവ് ആഘോഷങ്ങളെല്ലാം മാറ്റേണ്ടിവന്നു. പകരം ഭാര്യ സബീനയുമൊന്നിച്ച് പുതുവാശ്ശേരി കമ്യൂണിറ്റി ഹാളിലെ 64 നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ആഘോഷം മറ്റൊരു ദിവസമാക്കാമെന്ന് സബീനക്കും മക്കൾക്കും ഉറപ്പും നൽകി. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ താമസക്കാരനായ അൻവർ സാദത്തിന്റെയും ഭാര്യ ഇടപ്പള്ളി ചക്കരപ്പറമ്പ് സ്വദേശിനി സബീനയുടെയും 18 മത് വിവാഹ വാർഷികമായിരുന്നു ഇന്ന്. രാവിലെ വിദ്യാർഥിനികളായ മക്കൾ സിമി ഫാത്തിമയും സഫ ഫാത്തിമയും മധുരം നൽകി. വോട്ടെടുപ്പിന് ശേഷം ഭാര്യയെ വീട്ടിലാക്കിയ ശേഷം സാദത്ത് മണ്ഡലത്തിലെ ബൂത്തുകൾ സന്ദർശിക്കാൻ പുറപ്പെടുകയായിരുന്നു.