കൊച്ചി: വോട്ടെടുപ്പ് ദിവസത്തിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ. രണ്ടു സ്ഥാനാർത്ഥികളും ഒരു പൊതുപ്രവർത്തകനും ഇന്നലെ രാവിലെ പരാതികൾ നൽകി. കളമശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവിനെതിരെ വ്യാജവാർത്ത അച്ചടിച്ചും ഫേസ്ബുക്കിലും പ്രചരിപ്പിച്ചെന്നാണ് പരാതി. കളമശേരി വാർത്ത എന്ന പേരിലാണ് നാലു പേജ് നോട്ടീസ് ഇന്നലെ രാവിലെ പ്രചരിച്ചത്.
കളമശേരി വാർത്ത എന്ന ഫേസ്ബുക്ക് പേജ് ഉടമയായ ജിയാസ് ജമാലാണ് പരാതി നൽകിയത്. താനറിയാതെ തന്റെ പേജിൽ നോട്ടീസ് പ്രസിദ്ധീകരിച്ചു. തന്റെ സത്പേര് ഉപയോഗിച്ച് രാജീവിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചത്. വ്യാജപ്രചാരണം നടത്തിയ വ്യക്തിയെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു.
വോട്ടിംഗ് മെഷീനിൽ തന്റെ ഫോട്ടോ മാറ്റിയെന്നാരോപിച്ച് കൊച്ചിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ വരണാധികാരിക്കും നിരീക്ഷകനും പരാതി നൽകി. ചിരിക്കുന്ന ഫോട്ടോയാണ് അധികൃതർക്ക് നൽകിയിരുന്നത്. അത് ഉപയോഗിക്കാതെ മറ്റൊരു ഫോട്ടോയാണ് നൽകിയത്. ഇടതു വലതു മുന്നണി സ്ഥാനാർത്ഥികളെ സഹായിക്കാൻ ഉദ്യോഗസ്ഥരാണ് ഫോട്ടോ മാറ്റിയതെന്ന് പരാതിയിൽ പറയുന്നു.
ബൂത്തുകളിലെ സ്ഥാനാർത്ഥികളുടെ നോട്ടീസിൽ ക്രമനമ്പർ തെറ്റിച്ചുനൽകിയതായി കൊച്ചിയിലെ വി. ഫോർ കൊച്ചി സ്ഥാനാർത്ഥി നിപുൺ ചെറിയാൻ പരാതിപ്പെട്ടു. നോട്ടീസിലെ ക്രമപ്രകാരം നിപുണിന്റെ പേര് അഞ്ചാം സ്ഥാനത്താണ്. നോട്ടീസിൽ ആറ് എന്നാണ് ചേർത്തത്. ഇതിനെതിരെ ആർ.ഡി.ഒയ്ക്ക് സ്ഥാനാർത്ഥി പരാതി നൽകി.