കൊച്ചി: ആകെ 14 മണ്ഡലങ്ങൾ. ഇതിൽ ഏഴിടത്ത് നടന്നത് വാശിയേറിയ പോരാട്ടം. ഇവിടെ ആരു ജയിക്കും? പ്രവചനാതീതമാണ്. പരമാവധി വോട്ടുറപ്പിച്ച് കഷ്ടിച്ച് കടന്നുകൂടുകയാണ് മുന്നണികൾ ലക്ഷ്യമിടുന്നത്. കൊണ്ടുപിടച്ച പ്രചാരണമായിരുന്നു. എന്നാൽ ഏഴിടത്തും പോളിംഗ് കുറഞ്ഞത് മുന്നണികളുടെ ചങ്കിടിപ്പേറ്റി. ഏഴ് മണ്ഡലങ്ങളിലെ തുടക്കംമുതൽ ഒടുക്കം വരെയുള്ള പോളിംഗ് ഗ്രാഫ് ചുവടെ.

ആദ്യം കുതിപ്പ്

വോട്ടെടുപ്പ് ആരംഭിച്ച ആദ്യമണിക്കൂറിൽ മുന്നണികൾക്ക് പ്രതീക്ഷയേകി പോളിംഗ് കത്തിക്കയറി. തൃപ്പൂണിത്തുറയിലും കോതമംഗലുത്തുമാണ് വോട്ടെടുപ്പ് കനത്തത്. 6.04 ശതമാനം പേർ വോട്ടുരേഖപ്പെടുത്തിയ തൃപ്പൂണിത്തുറയാണ് ഫൈറ്രിംഗ് മണ്ഡലത്തിൽ മുന്നിൽ. കോതമംഗലം തൊട്ടുപുറകെ. കൊച്ചി (5.15), കളമശേരി (5.98), മൂവാറ്റുപുഴ( 5.74) കുന്നത്തുനാട് (5.34) പെരുമ്പാവൂർ (5.25) എന്നിങ്ങനെയായിരുന്നു മറ്റ് മണ്ഡലങ്ങളിലെ ആദ്യ മണിക്കൂറിലെ പോളിംഗ് ശതമാനം.

10മണിയോടെ കഥമാറി. തൃപ്പൂണിത്തുറ, കോഗതമംഗലം,കുന്നത്തുനാട്, കളമശേരി, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിൽ ഒറ്റയടിക്ക് 10 ശതമാനത്തിലധികം പോളിംഗ് ഉയർന്നു. തൃപ്പൂണിത്തുറയിൽ 17.29 ശതമാനം പേർ 10മണി വരെ വോട്ട് രേഖപ്പെടത്തിയപ്പോൾ കൊച്ചിയും മൂവാറ്രുപുഴയും പിന്നാക്കം പോയി. കൊച്ചി (14.83), മൂവാറ്റുപുഴ (15.29). വോട്ടിംഗിന്റെ അഞ്ചാം മണിക്കൂറിലും ഏഴ് മണ്ഡലങ്ങളിലും വാശിയേറിയ മത്സരം നടക്കുന്നുവെന്ന സൂചന തന്നെയായിരുന്നു പോളിംഗ് ശതമാനത്തിലൂടെ പുറത്തുവന്നത്.

തൃപ്പൂണിത്തുറ (34.73),കളമശേരി (34.53) കുന്നത്തുനാട് (34.32), കോതമംഗലം (33.42),പെരുമ്പാവൂർ (33.34), മൂവാറ്റുപുഴ (31.83), കൊച്ചി (30.36) എന്നിങ്ങനെയായിരുന്നു പോളിംഗ്.

പിന്നെ കിതച്ചു

അന്തരീക്ഷ താപനിലയെ പിന്തള്ളി ഉച്ചയ്ക്ക് ശേഷം പോളിംഗ് ഗ്രാഫ് വീണ്ടും ഉയർന്നു. ഒന്നരയോടെ തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിൽ 50 ശതമാനവും വോട്ട് പെട്ടിയിലായി. പെരുമ്പാവൂർ (49.24) കോതമംഗലം (49.76),കളമശേരി (49.97), മൂവാറ്റുപുഴ (47.37),കൊച്ചി (44.36), എന്നിങ്ങനെയായിരുന്നു മറ്റ് മണ്ഡലങ്ങളിലെ നട്ടുച്ച നേരത്തെ പോളിംഗ് ശതമാനം. രണ്ട് മണിക്ക് ശേഷം വോട്ടിംഗ് നേരിയ മന്ദഗതിയിലായി. അന്തരീക്ഷം മൂടിക്കെട്ടിയതോടെ ശേഷിക്കുന്നവരും കൂട്ടത്തോടെ വോട്ട് ചെയ്യാൻ എത്തി. പോയവർഷത്തെ പോളിംഗ് ശതമാനം കൈപ്പിടിയിലൊതുക്കാൻ മണ്ഡലങ്ങൾക്കായില്ല. കുന്നത്തുനാടാണ് പോളിംഗിൽ മുന്നിലെത്തിയത്. അതും 80.99 ശതമാനം മാത്രം. 2016ൽ 85ശതമാനത്തിലും മേലെയായിരുന്നു പോളിംഗ്.

വോട്ടിംഗ് ശതമാനം

2021 2016

പെരുമ്പാവൂർ 76.23 76.31
കളമശേരി 75.79 75.83
കൊച്ചി 69.71 69.79
തൃപ്പൂണിത്തുറ 73.03 73.09
കുന്നത്തുനാട് 80.99 80.98
മുവാറ്റുപുഴ 73.47 73.51
കോതമംഗലം 76.71 76.74