പൂക്കാട്ടുപടി: തിരക്കുള്ള റോഡിനോട് ചേർന്നൊരു ബൂത്ത്. വോട്ടർമാർ ക്യൂ നിൽക്കുന്നത് തലങ്ങും വിലങ്ങും വാഹനമോടുന്ന ടാർ റോഡിൽ. കൂടുതൽ ആളുകൾ ഒരേസമയം വോട്ടുചെയ്യാനെത്തിയാൽ ഊഴം കാത്തുനിൽക്കേണ്ടത് റോഡിന്റെ മറുവശത്തെ കടത്തിണ്ണയിലാണ്. കുന്നത്തുനാട് നിയമസഭ നിയോജക മണ്ഡലത്തിൽപ്പെട്ട വള്ളത്തോൾ ജംഗ്ഷനിലെ വള്ളത്തോൾ സ്മാരക വായനശാലയിൽ ക്രമീകിച്ച 64, 64-എ ബൂത്തുകളിലാണ് വോട്ടർമാർ ചുട്ടുപൊള്ളുന്ന വെയിലത്ത് ടാർറോഡിൽ ക്യൂനിന്ന് വോട്ടുചെയ്തത്. എല്ലാ തിരഞ്ഞെടുപ്പിലും ഇവിടെ ഇതുതന്നെയാണ് സ്ഥിതി. റോഡിൽ ക്യൂനിന്ന് വോട്ടുചെയ്തതിന്റെ പേരിൽ നാളിതുവരെ ആർക്കും അപകടം ഉണ്ടായില്ലെന്നതുമാത്രമാണ് ആശ്വാസം.