വെങ്ങോല: പോളിംഗ് ബൂത്തിന് മുമ്പിൽ സാനിറ്റൈസർ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയ ആശാവർക്കർ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം വെങ്ങോല പഞ്ചായത്തിലെ 121- എ ബൂത്തിൽ നേരിയ വാഗ്വാദത്തിന് ഇടയാക്കി. ബൂത്തിലേക്ക് പ്രവേശിക്കുന്ന വോട്ടർമാർക്ക് കൈയിൽ സാനിറ്റൈസർ നൽകുന്നതിനൊപ്പം ഒരു പ്രത്യേക മുന്നണിയുടെ ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് പറഞ്ഞെന്നാണ് ആരോപണം. ഇതേതുടർന്ന് സ്ഥലത്ത് എത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് പോളിംഗ് ഓഫീസറോട് പരാതിപ്പെട്ടു. എന്നാൽ ആശാ വർക്കർ ആരോപണം നിഷേധിച്ചതോടെ ചെറിയതോതിൽ വാഗ്വാദം ഉണ്ടായി. ഇതേതുടർന്ന് കുറച്ചുസമയം പോളിംഗ് തടസപ്പെട്ടു. ഈ സമയത്ത് പോളിംഗ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.