വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് ദേവി വിലാസം സ്‌കൂളിലെ 71-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. 582-ാം നമ്പർ വോട്ടറായ പുത്തൻപുരയ്ക്കൽ മേരി അന്തപ്പനെക്കൊണ്ട് ഒരാഴ്ച മുമ്പ് ബി.എൽ.ഒയും ഉദ്യോഗസ്ഥരും വീട്ടിൽ എത്തി വോട്ട് ചെയ്യിച്ചിരുന്നു. എന്നാൽ ഈ വോട്ടിനു പകരം 535-ാം നമ്പർ വോട്ടറായ പുത്തൻപുരക്കൽ മേരി മാർക്കോസിന്റെ പേരിനു നേരെയാണ് മാർക്ക് ചെയ്തത്. രാവിലെ മേരി മാർക്കോസ് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വോട്ട് ചെയ്തുപോയതായി ഉദ്യോഗസ്ഥർ അറിയിച്ചത്. ഈ സംഭവത്തിനു പിന്നിൽ ബി.എൽ.ഒ. ആണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ഇവരുടെ വീടിനു തൊട്ടടുത്തു താമസിക്കുന്നവരാണ് ഈ രണ്ട് വോട്ടർമാരും. ഇതേപോലെ ഒരു സംഭവം മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എൽ.പി സ്‌കൂളിലുമുണ്ടായി. അതിനു നേതൃത്വം നൽകിയത് സ്ഥലത്തെ കോൺഗ്രസ് പഞ്ചായത്തംഗമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു.