കോലഞ്ചേരി: ഇനി വിധികാത്തുള്ള ദിനങ്ങളാണ്. പോളിംഗ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും പിടിപ്പത് പണി ഇനിയുമുണ്ട്. വഴിയരികിൽ പ്രചാരണത്തിനായി സ്ഥാപിച്ച ബാനറുകളും ഫ്‌ളക്‌സുകളും അടിയന്തരമായി നീക്കം ചെയ്യണം. അല്ലെങ്കിൽ പണി കിട്ടും. പോക്കറ്റ് ചോരും. പ്രചാരണത്തിനിടെയുണ്ടാകുന്ന മാലിന്യങ്ങളും മറ്റും നീക്കം ചെയ്തില്ലെങ്കിൽ അതിനു വേണ്ടി വരുന്ന ചെലവ് സ്ഥാനാർത്ഥിയിൽ നിന്ന് ഈടാക്കണമെന്നാണ് ചട്ടം. മാസ്‌ക്കുകളും ഗ്ലൗസുകളും ഉൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങളും തരംതിരിച്ചു ശേഖരിച്ചു സംസ്‌കരിച്ചുവെന്ന് ഉറപ്പാക്കേണ്ട ചുമതല തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ ചുമതലയാണ്. ഇതിനായി വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കടലാസുകൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കാനും ബൂത്തുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഇവ നിക്ഷേപിക്കാൻ പ്രത്യേകം ബാഗുകളും സ്ഥാപിച്ചിട്ടുണ്ട്. പൊതുയിടങ്ങളിലെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡും ബാനറുമെല്ലാം നീക്കിയില്ലെങ്കിൽ വോട്ടെടുപ്പിനു ശേഷം അഞ്ചാം ദിവസം തദ്ദേശ സ്ഥാപനങ്ങൾ ഹരിത കർമസേനകൾ വഴി ഇവ നീക്കം ചെയ്ത് ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും. പരിസ്ഥിതി സൗഹൃദവും,മണ്ണിൽ അലിഞ്ഞുചേരുന്നതോ, പുനരുപയോഗിക്കാൻ കഴിയുന്നതോ ആയ വസ്തുക്കൾ മാത്രമാണ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്ന് തിരഞ്ഞെടുപ്പ് സ്‌ക്വാഡുകൾ നിരീക്ഷിച്ചിരുന്നു. ചട്ടം ലംഘിച്ചവർക്കെതിരെയുള്ള നടപടിക്കായി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ തിരഞ്ഞെടുപ്പ് അധികൃതർക്ക് റിപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്.