കൊച്ചി: കൊച്ചി നഗരം തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ പൊതുവെ ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിലായിരുന്നു. നഗരത്തിലെ മണ്ഡലങ്ങളായ എറണാകുളം, തൃക്കാക്കര, കളമശേരി, കൊച്ചി എന്നിവിടങ്ങളിൽ അനിഷ്ടസംഭവങ്ങൾ കാര്യമായി ഉണ്ടായില്ല.
ബൂത്തുകളിൽ രാവിലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജോലിക്ക് പോകേണ്ടവർ രാവിലെ തന്നെ സമ്മതിദാനം വിനിയോഗിച്ചു. 9 മണിവരെ ഈ തിരക്ക് തുടർന്നു. പിന്നീട് കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ഇത്തവണ ബൂത്തുകളുടെ എണ്ണം കൂട്ടിയതും പ്രായമായവർക്കും അംഗപരിമിതർക്കും തപാൽ വോട്ട് ഉള്ളതിനാലും ക്യൂ അപൂർവമായിരുന്നു.
കൊച്ചി മണ്ഡലത്തിൽ ചിലയിടങ്ങളിൽ കറന്റ് പോയത് വോട്ടിംഗിനെ ബാധിച്ചു. വെളിച്ചം ഇല്ലാത്തതിനാൽ പലർക്കും ചിഹ്നം കാണാൻ പ്രയാസം അനുഭവപ്പെട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി പ്രശ്നം പരിഹരിച്ചു.
തൃപ്പൂണിത്തുറയിൽ വോട്ട് ചലഞ്ച്
തൃപ്പൂണിത്തുറ 57-ാം നമ്പർ ബൂത്തായ ഗവ.ഗേൾസ് സ്കൂളിൽ ഒരാളുടെ വോട്ട് നേരത്തെ ആരോ മറ്റൊരു ബൂത്തിൽ ചെയ്തുവെന്ന് ആരോപിച്ച് തർക്കമുണ്ടായി. യു.ഡി.എഫ് പരാതി നൽകി. ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ ലഭിക്കണം എന്നും ആവശ്യപ്പെട്ടു.
കളമശേരിയിൽ കള്ളവോട്ട്
കളമശേരി 77-ാം നമ്പർ ബൂത്തിൽ നടന്ന കള്ളവോട്ട് പൊലീസിൽ അറിയിക്കാത്തതിനെ ചൊല്ലി തർക്കമുണ്ടായി. എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജയരാജ് ബൂത്തിന് മുൻപിൽ പ്രതിഷേധിച്ചു.
ഫോട്ടോ ഇല്ലെന്ന് പരാതി
വോട്ടിംഗ് യന്ത്രത്തിൽ നിന്നും തന്റെ ഫോട്ടോ മനപ്പൂർവം മാറ്റിയെന്ന് ആരോപിച്ച് കൊച്ചി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി.രാജഗോപാൽ രംഗത്തെത്തി. വരണാധികാരിക്കും നിരീക്ഷകനും പരാതി നൽകി. ഉദ്യോഗസ്ഥർ ബോധപൂർവം ഫോട്ടോ മാറ്റിയതാണെന്ന് ബി.ജെ.പി ആരോപിച്ചു.
വോട്ടിംഗ് ശതമാനം
2016 - 2021
കളമശേരി- 81.03 -75.83
കൊച്ചി- 72.24 -69.79
എറണാകുളം- 71.6 -65.91
തൃക്കാക്കര -74.47 -69.27
പിറവം - 80.38- 72.44
തൃപ്പൂണിത്തുറ - 77.70 -73.09