anwar-sadath-mla
പുതുവാശേരി കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിൽ വോട്ടുചെയ്തശേഷം അൻവർ സാദത്തും ഭാര്യ സബീനയും മഷിപതിപ്പിച്ച വിരൽ ഉയർത്തിക്കാട്ടുന്നു

നെടുമ്പാശേരി: ആലുവയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അൻവർ സാദത്ത് എല്ലാ വിവാഹവാർഷിക ദിനത്തിലും കുടുംബവുമായി പുറത്തുപോകുകയാണ് പതിവ്. ഉച്ചഭക്ഷണവും പുറത്തുനിന്നാണ്. കഴിഞ്ഞ 17 വർഷമായി പിന്തുടരുന്ന രീതിയാണിത്. മക്കളായ സഫ ഫാത്തിമയും സിമി ഫാത്തിമയും ജനിച്ച ശേഷവും പതിവിന് മാറ്റമുണ്ടായില്ല.

ഇക്കുറി എല്ലാംതെറ്റിച്ചു. 18 ാം വാർഷികദിനം തിരഞ്ഞെടുപ്പ് ദിവസമായതിനാൽ അൻവർ സാദത്തിന് ആഘോഷങ്ങളെല്ലാം മാറ്റേണ്ടിവന്നു. പകരം ഭാര്യ സബീനയുമൊന്നിച്ച് പുതുവാശേരി കമ്മ്യൂണിറ്റി ഹാളിലെ 64 -ാംനമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ആഘോഷം മറ്റൊരു ദിവസമാക്കാമെന്ന് സബീനയ്ക്കും മക്കൾക്കും ഉറപ്പുംനൽകി.

ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ആറാംവാർഡിലെ താമസക്കാരനായ അൻവർ സാദത്തിന്റെയും ഭാര്യ ഇടപ്പള്ളി ചക്കരപ്പറമ്പ് സ്വദേശിനി സബീനയുടെയും 18 -ാമത് വിവാഹ വാർഷികമായിരുന്നു ഇന്നലെ. വിദ്യാർത്ഥിനികളായ സിമി ഫാത്തിമയും സഫ ഫാത്തിമയും രാവിലെ മധുരം നൽകി.