തൃപ്പൂണിത്തുറ: കഞ്ചാവും മയക്കുമരുന്നു ഗുളികകളുമായി നടമ വില്ലേജ് കൊച്ചുപള്ളി ഭാഗത്ത് തണ്ടശ്ശേരി നികത്തിൽ വീട്ടിൽ അജിത് കുമാറിനെ (23) എക്സെെസ് സംഘം പിടികൂടി. ഇയാളിൽ നിന്ന് 750 ഗ്രാം കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു. തിരഞ്ഞെെടുപ്പിനോടനുബന്ധിച്ചു മദ്യശാലകൾ അവധി ആയതിനാൽ മയക്കുമരുന്ന് വിൽപ്പന ലക്ഷ്യമിട്ട് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
എക്‌സൈസിന്റെ ജീപ്പ് കണ്ട് ഓടിയ ഇയാളെ ഇൻസ്പെക്ടറും കൂട്ടരും തൃപ്പൂണിത്തുറ ഗേൾസ് സ്കൂളിന്റെ പിന്നിൽ നിന്നാണ് പിടികൂടിയത്. 8000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ഒരാഴ്ച്ച മുൻപ് അഞ്ചര കിലോഗ്രാം ഹാഷിഷ് ഓയിലും14 കിലോഗ്രാം കഞ്ചാവുമായി കണ്ണൻകുളങ്ങര ഭാഗത്തു നിന്ന് പിടിയിലായ ആന്റണിയിൽ നിന്നാണ് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും രണ്ടാഴ്ച മുമ്പ് വാങ്ങിയതെന്ന് എക്സൈസിനോട് അജിത് സമ്മതിച്ചു. കൊടൈക്കനാലിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടെ നേരത്തെ പിടിയിലായ ഇയാൾക്കെതിരെ ഇടുക്കി ജില്ലയിലും കേസുണ്ട്. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു വർഗ്ഗീസ്, പ്രിവന്റീവ് ഓഫീസർ രാജീവ് ,ധീരു അറയ്ക്കൽ, ജ്യോതിഷ്, ഗാർഡ് റസീന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.