കൊച്ചി: രാഷ്ട്രീയവും വികസനവും തിരഞ്ഞെടുപ്പ് വീര്യവും വാശിയും പെരുപ്പിച്ച ജില്ലയിൽ പോളിംഗ് ശതമാനം കുതിച്ചുയർന്നു. 74.14 ശതമാനം പോളിംഗ്. 2016 ലെക്കാൾ 1.77 ശതമാനം വർദ്ധനയാണിത്.
ശക്തമായ ചതുഷ്കോണ മത്സരം നടന്ന കുന്നത്തുനാട്ടിലാണ് ഏറ്റവുമധികം പോളിംഗ്. 80.99 ശതമാനം. ഏറ്റവും കുറവ് എറണാകുളത്ത്. 65.91 ശതമാനം. സംഘർഷങ്ങളില്ലാതെ സമാധാനപരമായാണ് വോട്ടെടുപ്പ് പൂർത്തിയായത്. കള്ളവോട്ട് ആരോപണങ്ങളും വോട്ടിംഗ് യന്ത്രത്തകരാറും ചിലയിടങ്ങളിലുണ്ടായി.
വോട്ട് വർദ്ധിച്ചത് മുന്നണികളിൽ ആവേശവും ആശങ്കയും സൃഷ്ടിച്ചു. പോളിംഗ് വർദ്ധിച്ചത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും അവകാശപ്പെടുന്നത്. പോളിംഗ് വർദ്ധനവ് ഏതുതരത്തിൽ ബാധിക്കുമെന്ന ആശങ്ക ഇടതു, വലതു മുന്നണികൾക്കുണ്ട്. രാഷ്ട്രീയപ്പോരാട്ടം ശക്തമായതിന്റെ സൂചനയാണ് പോളിംഗ് വർദ്ധനവെന്ന് മുന്നണികൾ അവകാശപ്പെടുന്നു.
ചതുഷ്കോണ മത്സരം നടന്ന കുന്നത്തുനാട്ടിൽ 1,51,993 പേർ വോട്ട് രേഖപ്പെടുത്തി. ട്വന്റി 20 മത്സരിച്ചതാണ് വോട്ട് വർദ്ധിക്കാൻ കാരണമെന്നാണ് സൂചന. ട്വന്റി 20 യെ നേരിടാൻ മറ്റു മൂന്നു മുന്നണികളും ശക്തമായ പ്രചാരണമാണ് നടത്തിയത്. പരമാവധിപേരെ ബൂത്തിൽ എത്തിക്കാൻ നാലു സ്ഥാനാർത്ഥികളുടെയും പ്രവർത്തകർ രംഗത്തിറങ്ങിയത് വോട്ട് വർദ്ധിക്കാൻ കാരണമായി.
രാവിലെ ഏഴിന് തന്നെ 3,899 ബൂത്തുകളിലും പോളിംഗ് ആരംഭിച്ചു. അതിനും മുൻപേ പലയിടത്തും വോട്ടർമാർ എത്തിത്തുടങ്ങി. ആദ്യത്തെ ഒരു മണിക്കൂറിൽ 2.47 ശതമാനം പേരാണ് ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത്. ഒൻപതിന് 8.18 ശതമാനമായി. തുടർന്ന് പോളിംഗ് വേഗത്തിൽ വർദ്ധിച്ചു. ആദ്യത്തെ രണ്ടു മണിക്കൂറിനിടയിൽ തൃപ്പൂണിത്തുറയിലാണ് ഏറ്റവുമധികം പേർ വോട്ട് ചെയ്തത്. 16.81 ശതമാനം. കൊച്ചിയിലായിരുന്നു കുറവ്. 14.26 ശതമാനം.
രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ബഹുഭൂരിപക്ഷം ബൂത്തുകളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ചൂടും വെയിലും വകവയ്ക്കാതെയാണ് വോട്ടർമാർ ഒഴുകിയെത്തിയത്. രാവിലെ 10 ന് പോളിംഗ് 21.35 ഉം 11 ന് 30.11 ഉം 12 ന് 38.12 ഉം ഒരു മണിയോടെ 47.85 ഉം ശതമാനമായി വർദ്ധിച്ചു.
മൂന്നു മുന്നണികളും കിഴക്കമ്പലം ട്വന്റി 20 യും മത്സരം കൊഴുപ്പിച്ച കുന്നത്തുനാട് മണ്ഡലത്തിൽ ഉച്ചയോടെ പോളിംഗ് 50 ശതമാനം പിന്നിട്ടു.
ഒന്നരയോടെ അങ്കമാലി, പറവൂർ, തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം 50 കടന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് പോളിംഗ് 50 ശതമാനം കടന്നു. രണ്ടിന് 50.03 ശതമാനം വോട്ട് രേഖപ്പെടുത്തി. മൂന്നിന് 54.99 ഉം നാലിന് 62.30 ഉം അഞ്ചിന് 68.69 ഉം ആറിന് 73.02 ഉം ഏഴിന് 73.80 ഉം ശതമാനമായി വർദ്ധിച്ചു.
ആകെ വോട്ടർമാർ 26,49,340
രേഖപ്പെടുത്തിയവർ 19,63.882
പുരുഷ വോട്ടർമാർ 991027 ( 76.51 ശതമാനം)
വനിതാ വോട്ടർമാർ 9,72,845 ( 71.84 )
ട്രാൻസ്ജെൻഡർ ആകെ 27
രേഖപ്പെടുത്തിയവർ 10