കൊച്ചി: നടൻ മമ്മൂട്ടി വോട്ട് ചെയ്യുന്ന ഫോട്ടോയും വീഡിയോയും പകർത്താനുള്ള മാദ്ധ്യമപ്രവർത്തകരുടെ ശ്രമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ഭാര്യയും ബി.ജെ.പി പ്രവർത്തകരും എതിർത്തത് വാക്കേറ്റത്തിനിടയാക്കി.
തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് സ്കൂൾ ബൂത്തിലാണ് സംഭവം. കാമറാമാൻമാർ മമ്മൂട്ടിയെ വളഞ്ഞപ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സജിയുടെ ഭാര്യ രശ്മിയാണ് എതിർപ്പുമായി രംഗത്തെത്തിയത്.രാവിലെ സജി വോട്ടു ചെയ്യാനെത്തിയപ്പോൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയത് വരണാധികാരി തടഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടി വോട്ടുചെയ്യുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് ആരും തടഞ്ഞില്ല. ഇതേ തുടർന്നാണ് 'മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ' എന്ന് ചോദിച്ച് രശ്മി പ്രതിഷേധിച്ചത്. വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ആരോപിച്ച് ബി.ജെ.പിയും രംഗത്തെത്തി.
ഇതിനിടെ, സജിയുടെ ഭാര്യയെ പ്രിസൈഡിംഗ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാർ മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. ഇതിനിടെ മമ്മൂട്ടി വോട്ടു ചെയ്തു മടങ്ങി. പുറത്ത് നിന്ന് മാദ്ധ്യമപ്രവർത്തകർ മമ്മൂട്ടിയുടെ ചിത്രം പകർത്തി. പുറത്തിറങ്ങിയപ്പോൾ 'കൊവിഡ് കാലമാണ്, എല്ലാവരും സൂക്ഷിക്കണ'മെന്ന മുന്നറിയിപ്പും മമ്മൂട്ടി നൽകി.
സലിം കുമാറിന് വോട്ട് ചെയ്യാനായില്ല
പറവൂർ: നടൻ സലിംകുമാറിന് ശ്വാസതടസം മൂലം വോട്ട് ചെയ്യാനായില്ല. രണ്ടു തവണ ബൂത്തിലേക്ക് പോകാൻ ഒരുങ്ങിയെങ്കിലും അനാരോഗ്യം കാരണം നടന്നില്ല. പിന്നീട് വിട്ടിൽ വിശ്രമിച്ചു. മുനമ്പം കവലയിലുള്ള സെന്റ് ജോസഫ് പാരിഷ് ഹാളിലായിരുന്നു വോട്ട്. ഭാര്യയും രണ്ടു മക്കളും വോട്ട് ചെയ്തു. സലിംകുമാർ നിരവധി മണ്ഡലങ്ങളിൽ യു.ഡി.എഫിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും ഷൂട്ടിംഗ് തിരക്കുമൂലം വോട്ട് ചെയ്യാനായില്ല.