പള്ളുരുത്തി: സംഗീത ചക്രവർത്തി എം.കെ.അർജുനന്റെ ഓർമ്മകൾക്ക് ഒരാണ്ട്. കഴിഞ്ഞ ഏപ്രിൽ 5 നാണ് മാഷ് ലോകത്തോട് വിട പറഞ്ഞത്. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനിടയിൽ മലയാളികൾക്ക് എന്നും ഓർക്കാൻ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. നാടകഗാനങ്ങളിലൂടെയാണ് മാഷ് സിനിമയിലെത്തിയത്. കലാകാരൻമാരുടെ സംഘടനയ്ക്ക് ഒരു അത്താണിയായിരുന്നു മാഷ്. പുതിയ ഗാനവുമായി സമീപിക്കുന്നവരെ അദ്ദേഹം നിരാശരാക്കാറില്ലായിരുന്നു. കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ.... എന്ന ഒറ്റ ഗാനം മാത്രം മതി മലയാളികൾ എന്നും മാഷിനെ ഓർക്കാൻ.നിരവധി സംഘടനങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ ചടങ്ങുകൾ സംഘടിപ്പിച്ച് മാഷിനെ അനുസ്മരിച്ചു.