kunnath

കോലഞ്ചേരി: പോളിംഗ് കഴിഞ്ഞപ്പോൾ കുന്നത്തുനാട് പുറമേ ശാന്തമാണെങ്കിലും ഉള്ളിൽ കനലെരിയുകയാണ്. ട്വന്റി 20 കന്നിയങ്കത്തിൽ കടുത്ത മത്സരമുയർത്തുന്ന മണ്ഡലത്തിലെ ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാദ്ധ്യതയുള്ളതാണ്.
മൂന്നു മുന്നണികളിലും ട്വന്റി 20യ്ക്കും കനത്ത ആശങ്കയും ഒപ്പം പ്രതീക്ഷയുമേകുന്നുണ്ട് കണക്കുകൾ. 2016ൽ 85.93‌ ശതമാനമായിരുന്ന പോളിംഗ് ഇക്കുറി 80.99 ലാണ് അവസാനിച്ചത്.

1,87,701 വോട്ടർമാരുള്ള കുന്നത്തുനാട്ടിൽ 1,50,504 പേർ വോട്ടു രേഖപ്പെടുത്തി. പിണർമുണ്ട ഇർഷാദുൽ ഇബാദ് മദ്രസയിൽ 88.83 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ജില്ലയിൽ ഏറ്റവുമധികം പ്രശ്നബാധിത ബൂത്തുകളുള്ള മണ്ഡലത്തിൽ കേന്ദ്ര സേനയാണ് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ഇരുചക്ര വാഹനങ്ങൾ പോലും പോളിംഗ് ബൂത്തിന്റെ നാലയലത്തേയ്ക്ക് അടുപ്പിച്ചില്ല. പ്രായമായവരുമായി വന്ന വാഹനങ്ങളും കർശന പരിശോധനക്ക് ശേഷം മാത്രമാണ് കടത്തി വിട്ടത്. ഇതേ തുടർന്ന് പല ബൂത്തുകളിലും പൊലീസുമായി വാക്കേറ്റമുണ്ടായി. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ, റൂറൽ എസ്.പി കെ.കാർത്തിക്, കുന്നത്തുനാട് മണ്ഡലം ചുമതലയുള്ള ഡിവൈ.എസ്.പി ആന്റണി, പെരുമ്പാവൂർ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് തുടങ്ങിയവരും ബൂത്തുകളിൽ ഇടവിട്ട് സന്ദർശനം നടത്തി.

• ഇടതുപക്ഷ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ശതമാനത്തിൽ ആശങ്കയൊന്നുമില്ല.

സി.ബി. ദേവദർശനൻ, എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ

• പ്രതീക്ഷിക്കാത്ത പല മേഖലകളിൽ നിന്നും വലിയ പിന്തുണയാണ് യു.ഡി.എഫിന് ലഭിക്കുന്നത്. ഭയപ്പെട്ട മേഖലകളിൽ പ്രശ്നങ്ങളില്ല എന്നതും വിജയ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

സി.പി. ജോയി , യു.ഡി.എഫ് ചെയർമാൻ

• ട്വന്റി 20യുടെ വരവോടെ നിഷ്പക്ഷരായി നിന്ന വോട്ടർമാരടക്കം സജീവമായി രംഗത്തെത്തിയതായാണ് കാണുന്നത്. ഇത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

സാബു എം. ജേക്കബ്, ചീഫ് കോ ഓർഡിനേറ്റർ

• ബി.ജെ.പി വോട്ടുകൾ പൂർണമായും പോൾ ചെയ്തിട്ടുണ്ട്. വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടില്ല എന്നുള്ളതും വിജയ പ്രതീക്ഷയേകുന്നു.

കെ.ആർ. കൃഷ്ണകുമാർ, മണ്ഡലം ചെയർമാൻ

 ആകെ 1,51,993 പേർ. സ്ത്രീകൾ 79.45%, പുരുഷന്മാർ 82.55%.

 ജില്ലയിൽ വോട്ടിംഗ് ശതമാനത്തിലും സ്ത്രീ, പുരുഷ വോട്ടിംഗ് ശതമാനത്തിലും കുന്നത്തുനാ‌ടിനാണ് ഒന്നാം സ്ഥാനം.

 സ്ഥാനാർത്ഥികൾ

യു.ഡി.എഫ് : വി.പി.സജീന്ദ്രൻ

എൽ.ഡി.എഫ് : പി.വി.ശ്രീനിജിൻ

ട്വന്റി 20 : ഡോ.സുജിത്ത് സുരേന്ദ്രൻ

എൻ.ഡി.എ : രേണു സുരേഷ്