#ആവണംകോട് സി.പി.എം - സി.പി.ഐ സംഘർഷാവസ്ഥ

#കൊണ്ടോട്ടിയിൽ ബി.ജെ.പി നേതാവിനെ ആക്രമിച്ചു

ആലുവ: വീറും വാശിയുമേറിയ തിരഞ്ഞെടുപ്പാണ് നടന്നതെങ്കിലും ആലുവ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതുവെ ശാന്തവും സമാധാനപരവുമായിരുന്നു. 75.39 ശതമാനം പോളിംഗാണ് ആലുവ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. നെടുമ്പാശേരി പഞ്ചായത്തിലെ ആവണംകോട് സി.പി.എം - സി.പി.ഐ സംഘർഷാവസ്ഥയും ശ്രീമൂലനഗരം പഞ്ചായത്തിലെ കൊണ്ടോട്ടിയിൽ ബി.ജെ.പി നേതാവിനെ സി.പി.എം ആക്രമിച്ചതുമാണ് തിരഞ്ഞെടുപ്പിനിടെയുണ്ടായ അനിഷ്ടസംഭവങ്ങൾ.

ചില ബൂത്തുകളിൽ യന്ത്രങ്ങൾ തകരാറിലായതൊഴിച്ചാൽ വോട്ടെടുപ്പിന് തടസങ്ങളൊന്നുമുണ്ടായില്ല. പ്രശ്നസാദ്ധ്യതാ ബൂത്തുകളിലും അനിഷ്ടസംഭവമുണ്ടായില്ല. സ്ഥാനാർത്ഥികളുടെ താത്കാലിക ബൂത്തുകളിലും കാര്യമായ തിരക്കുകൾ ഉണ്ടായില്ല. കൊവിഡ് വ്യാപന ഭീതിയിൽ പ്രവർത്തകരും അനുഭാവികളുമെല്ലാം സാമൂഹിക അകലം പാലിച്ചതിനാൽ ബൂത്തുകളിൽ തിരക്ക് കുറഞ്ഞു.

നെടുമ്പാശേരി ആവണംകോട് 25 -ാം ബൂത്തിലാണ് സി.പി.എം - സി.പി.ഐ തർക്കം സംഘർഷാവസ്ഥയുണ്ടായത്. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റും സി.പി.ഐ ലോക്കൽ കമ്മിറ്റിഅംഗവുമായ വി.കെ. സുകുമാരൻ ബൂത്തിൽ ഇരിക്കാൻ പാടില്ലെന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ നിലപാടാണ് പ്രശ്നമായത്. തർക്കം ഉന്തിലും തള്ളിലേക്കും വഴിമാറിയപ്പോൾ സി.പി.ഐ ലോക്കൽ സെക്രട്ടറി രാധാകൃഷ്ണപിള്ള ഉൾപ്പെടെ സ്ഥലത്തെത്തി വിഷയത്തിൽ ഇടപെട്ടിട്ടും പരിഹരിക്കാനായില്ല. ഇതേത്തുടർന്ന് സി.പി.ഐ പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നു. നേരത്തെ സി.പി.എം പ്രവർത്തകനായിരുന്ന സുകുമാരന്റെ നേതൃത്വത്തിലാണ് അടുത്തകാലത്ത് സി.പി.ഐ ബ്രാഞ്ച് രൂപീകരിച്ചത്. ഇതിന്റെ വൈരാഗ്യമാണ് മുൻ പഞ്ചായത്തംഗം തീർക്കുന്നതെന്നാണ് സി.പി.ഐ ആരോപിക്കുന്നത്.

ശ്രീമൂലനഗരം കൊണ്ടോട്ടിയിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് തിങ്കളാഴ്ച്ച രാത്രി ബി.ജെ.പി കൊണ്ടോട്ടി ബൂത്ത് വൈസ് പ്രസിഡന്റ് മുരളീധരമേനോന്റെ വീട്ടിൽകയറിയുള്ള ആക്രമണം. പരിക്കേറ്റ മുരളീധരമേനോനും ഭാര്യയും മകനും ദേശത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബൂത്ത് കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വൈരാഗ്യത്തിന് കാരണം. പരാജയഭീതിയിലാണ് ആലുവയിൽ സി.പി.എം അക്രമണം അഴിച്ചുവിടുന്നതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയപ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും ഗോപി പറഞ്ഞു.