തൃക്കാക്കര: കേരളത്തിൽ രാഷ്ട്രീയ സാഹചര്യവും,തൃക്കാക്കരയിൽ ട്വന്റി 20യുടെ വരവും ചേർന്ന് ഐ.ടി നഗരം ആർക്കൊപ്പമാണെന്ന കൂട്ടലിലും കുറയ്ക്കലിലുമാണ് മുന്നണികൾ. തൃക്കാക്കര മണ്ഡലത്തിൽ വോട്ടിംഗ് ശതമാനം കൂടി കുറഞ്ഞതോടെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇടതുമുന്നണി.
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് പുറമെ തൃക്കാക്കരയിൽ ആദ്യമായി ട്വന്റി 20യുടെ പ്രചാരണവും സജീവമായിരുന്നു. വീടുകൾ കയറിയുള്ള പ്രചാരണവും, റോഡ് ഷോയുമായി കളം നിറഞ്ഞപ്പോൾ ആരുടെ വോട്ടുകളാണ് ചോരുന്നതെന്ന ആശങ്കയും മുന്നണികൾക്കുണ്ട്. 2011 ൽ തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ഇ ഹസൈനാരെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ 22,406 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നാൽ 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.തോമസിന്റെ ലീഡ് നില 11,996 യായി കുറഞ്ഞു. കഴിഞ്ഞ 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 74.47 ശതമാനം പേർ വോട്ട് ചെയ്തിരുന്നു.എന്നാൽ ഇക്കുറി 69.27 % പേർ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. സംസ്ഥാനത്തെ ഇടത് തരംഗവും, ട്വന്റി 20യുടെ വരവും,വോട്ടിംഗ് ശതമാനത്തിൽ കുറവും യു.ഡി.എഫിന് വിനയാവുമോയെന്ന ആശങ്ക യു.ഡി.എഫ് ക്യാമ്പുകളിലുണ്ട്. എന്നാൽ ഇത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. എൻ.ഡി.എയും മണ്ഡലത്തിൽ തികഞ്ഞ പ്രതീക്ഷയിലാണ്.