കൊച്ചി: തിക്കില്ല, തിരക്കില്ല. ജില്ലയിൽ കൂളായി പോളിംഗ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചതും വൃദ്ധർ, അംഗപരിമിതർ എന്നിവർക്ക് തപാൽ വോട്ടുകൾ ഏർപ്പെടുത്തിയതും ക്യൂവിന്റെ നീളം കുറച്ചു. കുന്നത്തുനാട് മണ്ഡലത്തിൽ മാത്രമാണ് ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായിരുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടി ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. ഇത് ജനങ്ങൾക്ക് ഏറെ ആശ്വാസമായി. ഭൂരിഭാഗം ബൂത്തുകളിലും ആറ് മണിക്ക് ശേഷം കൊവിഡ് രോഗികളെയും പനി ബാധിതരെയും കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.
അതിലൊരു ത്രില്ലില്ല
തപാൽ വോട്ടിന് അവസരമുണ്ടായിട്ടും ഭൂരിഭാഗം സൂപ്പർ സീനിയേഴ്‌സും അംഗപരിമിതരും നേരിട്ടെത്തി വോട്ടു രേഖപ്പെടുത്തി. കുടുംബമായാണ് പലരും എത്തിയത്. കൊച്ചുമക്കളേയും ഒപ്പം കൂട്ടിയിരുന്നു. തപാൽ വോട്ടിന് താത്പര്യമില്ലെന്നും നേരിട്ടെത്തി വോട്ടു ചെയ്യുന്നതിലെ സംതൃപ്തി തപാൽ വോട്ടിന് ലഭിക്കില്ലെന്നും ഭൂരിഭാഗം പേരും പങ്കുവച്ചു. അതേസമയം ഫോർട്ടുകൊച്ചിയിലെ സെന്റ്‌മേരീസ് സ്‌കൂളിലും ബ്രിട്ടോ സ്‌കൂളിലും വോട്ടുരേഖപ്പെടുത്തിയവർ ബീച്ചിലും പാർക്കിലും സമയം ചെലവഴിച്ച് വൈകിട്ടോടെയാണ് മടങ്ങിയത്. തൃപ്പൂണിത്തുറയിലടക്കം വൃദ്ധരെയും രോഗബാധിതരെയും പോളിംഗ് ബൂത്തിൽ എത്തിക്കാൻ ഓട്ടോറിക്ഷയടക്കം മുന്നണികൾ സജ്ജീകരിച്ചിരുന്നു. ഭൂരിഭാഗം പേരും ഇത്തരം വാഹനങ്ങളെ ആശ്രയിച്ചാണ് വോട്ടു രേഖപ്പെടുത്തി മടങ്ങിയത്. അംഗപരിമതരെ പോളിംഗ് ബൂത്തിലെത്താൻ പ്രവർത്തകർ പ്രത്യേകം ശ്രദ്ധനൽകിയിരുന്നു.
ഓടി തളർന്ന്
സ്ഥാനാർത്ഥികൾ
അവസാന നിമിഷം വരെ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥികൾ. രാവിലെ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും എത്തി മുഖം കാണിച്ചായിരുന്നു തുടക്കം. ശേഷം മണ്ഡലത്തിലെ പ്രമുഖർ, അടുത്തബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. രാവിലെയും ഉച്ചയ്ക്കും ലഘുഭക്ഷണം. ചില സ്ഥാനാർത്ഥികൾ ഭക്ഷണം പോലും കഴിക്കാതെയായിരുന്നു ബൂത്തുകളിൽ നിന്ന് ബൂത്തുകളിലേക്ക് ഓടിയത്. കത്തുന്ന വെയിൽ വിയർത്തൊഴുകിയുള്ള പാച്ചിലിനിടയിലും കുടുംബത്തോടൊപ്പം വോട്ടിടാനും സ്ഥാനാർത്ഥികൾ സമയം കണ്ടെത്തി.