മൂവാറ്റുപുഴ: വോട്ട് ചെയ്യാനെത്തിയ വൃദ്ധദമ്പതിമാരുടെ തിരിച്ചറിയൽ കാർഡ് വാങ്ങി വോട്ട് ചെയ്യിക്കാതിരിക്കാൻ ശ്രമിച്ചതായി പരാതി. മൂവാറ്റുപുഴ വാഴപ്പള്ളി ഗവ. ജെ ബി സ്ക്കൂളിലെ 41-ാമത് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ തിരിച്ചറിയൽ കാർഡാണ് യു.ഡി.എഫ് പ്രവർത്തകൻ കൈവശപ്പെടുത്തിയത്. ഇരുവർക്കും വോട്ടുണ്ടോയെന്ന് വോട്ടർ പട്ടികയിൽ പരിശോധിക്കാനെന്ന് പറഞ്ഞാണ് തിരിച്ചറിയൽ കാർഡുകൾ കൈക്കലാക്കിയത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ ദമ്പതികൾ ഏറെനേരം കാത്തിരുന്നിട്ടും തിരിച്ചറിയൽ കാർഡ് ലഭിച്ചില്ല. പ്രശ്നമായതോടെ തിരിച്ചറിയൽ കാർഡുകൾ യു.ഡി.എഫ് ബൂത്ത് ഓഫീസിൽ നൽകി പ്രവർത്തകൻ മുങ്ങി. മൂവാറ്റുപുഴ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കാർഡ് പിന്നീട് കണ്ടെത്തി ഇവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു.