ആലുവ: തോട്ടക്കാട്ടുകര 81-ാം നമ്പർ ബൂത്ത് അങ്കണവാടിയിൽ മോക്ക് പോളിംഗ് നടത്തിയത് മായ്ച്ചു കളയാത്തതിനെത്തുടർന്ന് പോളിംഗ് ഒന്നര മണിക്കൂറോളം തടസപ്പെട്ടു. രാവിലെ 8മുതലാണ് പോളിംഗ് തടസപ്പെട്ടത്. 51 മോക്ക് വോട്ടുകളാണ് മെഷീനിലുണ്ടായിരുന്നത്.
ഇടയ്ക്ക് പോളിംഗ് ശതമാനം കണക്കാക്കാൻ പരിശോധന നടത്തിയപ്പോഴാണ് ആകെ പോൾ ചെയ്ത വോട്ടും മെഷീനിലെ വോട്ടും തമ്മിൽ വ്യത്യാസം കണ്ടത്. മോക്ക് പോളിംഗ് മായ്ച്ചുകളഞ്ഞില്ലെന്ന് വ്യക്തമായതോടെ പോളിംഗ് നിറുത്തി വെച്ചു. ആലുവ തഹസിൽദാരും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി. പഴയ മെഷീൻ സീൽചെയ്ത് പുതിയ മെഷീൻ സ്ഥാപിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു.