പറവൂർ: നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പറവൂരിൽ സമാധാനപരം. മിക്ക പോളിംഗ് ബൂത്തുകളിലും തിരക്കോ നീണ്ടനിരയോ ഉണ്ടായില്ല. ആയിരം വോട്ടുകളിൽ കൂടുതലുള്ള ബൂത്തുകൾ വിഭജിച്ചതിനാലും 80 വയസിനു മുകളിലുള്ള പലരും നേരത്തെ പോസ്റ്റൽ വോട്ടുകൾ ചെയ്തതിനാലുമാണ് പൊതുവേ തിരക്കുകുറഞ്ഞത്. രാവിലെ തന്നെ ആളുകൾ വോട്ട് ചെയ്യാനെത്തിത്തുടങ്ങി. ആദ്യ രണ്ടുമണിക്കൂറിൽ വോട്ട് ചെയ്തവരിലേറെ പുരുഷന്മാരായിരുന്നു. ഒൻപത് മണിയോടെ അനേകം സ്ത്രീകളും എത്താൻ തുടങ്ങി. ചിലയിടങ്ങളിൽ ചെറിയ ക്യൂ ഉണ്ടായി.
വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതാണ് പലയിടത്തും ചെറിയ പ്രതിസന്ധിയുണ്ടാക്കിയത്. ചില ബൂത്തുകളിൽ സാമൂഹിക അകലം പാലിക്കാതെതന്നെ ആളുകൾ കൂട്ടംകൂടി നിന്നു. ഉദ്യോഗസ്ഥർ പറയുമ്പോഴാണ് അകലം പാലിച്ചു നിൽക്കാൻ തയ്യാറായത്. സ്ഥലപരിമിതിയുള്ള ബൂത്തുകളിലാണ് കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിന് തടസം നേരിട്ടത്. ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുകയും ചെയ്ത ശേഷമാണ് വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് കയറ്റിയത്. ശക്തമായ ത്രികോണ മത്സരമായിരുന്നു പറവൂർ മണ്ഡലത്തിൽ.