കൊച്ചി: വോട്ടെടുപ്പിൽ ജില്ലയിൽ തിളങ്ങിയത് കുന്നത്തുനാട്. പിന്നിൽ എറണാകുളം. ആദിവാസി മേഖലയിലും ആവേശത്തോടെയാണ് വോട്ടെടുപ്പ് നടന്നത്.

കുന്നത്തുനാട്ടിൽ 1,51,993 പേർ (80.99%) വോട്ടെടുപ്പിൽ പങ്കാളികളായി. ഏറ്റവും കുറഞ്ഞ എറണാകുളത്ത് 1,08,448 പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ സ്ത്രീകൾ ബൂത്തിലെത്തിയതും കുന്നത്തുനാട്ടിലാണ്. 79.45% സ്ത്രീകളും വോട്ടെടുപ്പിൽ പങ്കാളികളായി. 82.55% പുരുഷന്മാരും മണ്ഡലത്തിൽ വോട്ട് ചെയ്തു.

തകരാർ കണ്ടെത്തിയ ബൂത്തുകളിലെ 12 ബാലറ്റ് യൂണിറ്റുകളും 22 കൺട്രോൾ യൂണിറ്റുകളും 24 വിവി പാറ്റുകളും മാറ്റിനൽകി. മോക്ക് പോളിംഗിൽ തകരാറിലായ 24 ബാലറ്റ് യൂണിറ്റുകളും 29 കൺട്രോൾ യൂണിറ്റുകളും 43 വിവി പാറ്റുകളും മാറ്റിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ആരംഭിച്ചശേഷം തകരാറിലായ 11 ബാലറ്റ് യൂണിറ്റുകളും 11 കൺട്രോൾ യൂണിറ്റുകളും 46 വിവി പാറ്റുകളും മാറ്റി സ്ഥാപിച്ചു.

ഏറ്റവും കുറവ് വോട്ടർമാരുള്ള കുന്നത്തുനാട്ടിലെ വരിക്കോലി സാൽവേഷൻ ആർമി കമ്യൂണിറ്റി ഹാളിൽ 13 ൽ 6 പേർ വോട്ട് ചെയ്തു.
വോട്ടർപട്ടികയിൽ പേരുള്ളവരും പോളിംഗ് സ്റ്റേഷൻ പരിധിയിൽ താമസമില്ലാത്തവരുമായ 5062 പേർ വോട്ട് ചെയ്തു. ഈ വിഭാഗത്തിൽ വോട്ടുകൾ രേഖപ്പെടുത്തിയത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്. 700 വോട്ടുകൾ. ഏറ്റവും കുറവ് കോതമംഗലം മണ്ഡലത്തിലാണ്. 56 വോട്ടുകൾ. പെരുമ്പാവൂർ 356, അങ്കമാലി 240, ആലുവ 470, കളമശ്ശേരി 277, പറവൂർ 263, വൈപ്പിൻ 168, കൊച്ചി 297, തൃക്കാക്കര 504, കുന്നത്തുനാട് 340, എറണാകുളം 494, മൂവാറ്റുപുഴ 561, പിറവം 340.

വനപ്രദേശങ്ങളിലെ വിദൂര പോളിംഗ് സ്റ്റേഷനുകളിൽ ഉൾപ്പെടുന്ന കോതമംഗലം മണ്ഡലത്തിലെ താളുങ്കണ്ടത്ത് 89.21 ശതമാനം പേർ വോട്ടുചെയ്തു. കോതമംഗലത്തെ തലവച്ചപാറ, കുഞ്ചിപ്പാറ സ്റ്റേഷനുകളിൽ 36.34, 31.52 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. പെരുമ്പാവൂരിലെ പൊങ്ങൻചുവട് ആദിവാസി കോളനിയിൽ 75.30 ശതമാനം പേരും വോട്ടുചെയ്തു.